വന്യമൃഗ ശല്യത്തിനെതിരായ തീഷ്ണമായ പ്രതികരണം; ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം ജില്ലാ സെക്രട്ടറി

0

വനംവകുപ്പിനെതിരെ ഭീഷണിമുഴക്കിയ കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം. കെ യു ജനീഷ് കുമാര്‍ എംഎല്‍എയുടെ നടപടി ശരിയാണെന്നും ചില സാഹചര്യങ്ങളില്‍ കടുത്ത വാക്കുകള്‍ ഉപയോഗിക്കേണ്ടിവരുമെന്നും രാജു എബ്രഹാം പറഞ്ഞു.

‘തലയ്ക്ക് സ്ഥിരതയില്ലാത്ത രീതിയിലാണ് വനപാലകര്‍ പ്രവര്‍ത്തിക്കുന്നത്. ആ പ്രവര്‍ത്തനം നാട്ടുകാര്‍ അംഗീകരിക്കില്ല. വനപാലകര്‍ നാട്ടുകാരുടെ മെക്കട്ട് കയറിയാല്‍ നാട്ടുകാര്‍ പ്രതികരിക്കും. നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ സിപി ഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുണ്ട്. നിയമത്തിന്റെ കുഴല്‍ക്കണ്ണാടിയില്‍ കൂടി നോക്കിയാല്‍ ഈ ആഹ്വാനം നിയമവിരുദ്ധമാണെന്ന് ഞങ്ങള്‍ക്കറിയാം’- രാജു എബ്രഹാം പറഞ്ഞു. കെ യു ജനീഷ് കുമാര്‍ എംഎല്‍എ നക്‌സല്‍ വരും എന്ന വാക്ക് പ്രയോഗിച്ചതില്‍ തെറ്റില്ലെന്നും വന്യമൃഗ ശല്യത്തിലെ തീഷ്ണമായ പ്രതികരണം മാത്രമാണ് അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, പത്തനംതിട്ടയിൽ വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തയാളെ ബലംപ്രയോഗിച്ച് മോചിപ്പിച്ചെന്ന ആരോപണത്തിൽ പ്രതികരണവുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. കാട്ടാന ശല്യം കൊണ്ട് ജനം പൊറുതി മുട്ടുമ്പോൾ വനം വകുപ്പ് പ്രദേശത്തെ ജനങ്ങളെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയാണെന്ന് എംഎൽഎ വിശദീകരിച്ചു. താൻ അവിടെ എത്തിയത് നാട്ടുകാരുടെ പ്രതിഷേധത്തിൽ പങ്കെടുക്കാനാണ്. നാട്ടുകാരെ അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും പിന്നീട് വിട്ടയക്കുകയും ചെയ്യുകയാണ് വനംവകുപ്പ് ചെയ്തത്. നിരപരാധികളായ അവരെ എങ്ങനെയെങ്കിലും പ്രതികളാക്കി കുറ്റം അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെ യു ജനീഷ് കുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here