ബലാത്സംഗ-ഭ്രൂണഹത്യ കേസില്‍ പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; അടച്ചിട്ട മുറിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: ബലാത്സംഗ-ഭ്രൂണഹത്യ കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ പുതിയ ഹര്‍ജി കോടതിയില്‍ സമര്‍പ്പിച്ചു. അടച്ചിട്ട കോടതിമുറിയില്‍ വാദം കേള്‍ക്കണമെന്നാവശ്യപ്പെടുന്നതാണ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ എത്തിച്ച പുതിയ ഹര്‍ജി. നാളെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഈ നീക്കം നടത്തിയത്.
അതേസമയം, രാഹുലിന്റെ പാലക്കാട് കുന്നത്തൂര്‍മേട്ട് ഫ്‌ലാറ്റില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. ഫ്‌ലാറ്റിന്റെ കെയര്‍ടേക്കറുടെ മൊഴി എസ്‌ഐടി സംഘം രേഖപ്പെടുത്തി. സിസിടിവി സംവിധാനത്തില്‍ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്നാണ് കെയര്‍ടേക്കര്‍ മൊഴി നല്‍കിയത്.
വ്യാഴാഴ്ച രാഹുല്‍ മുങ്ങിയതായാണ് സംശയിക്കുന്ന ദിവസത്തെ ദൃശ്യങ്ങളാണ് ഡിവിആറില്‍ നിന്ന് മാത്രം അപ്രത്യക്ഷമായിരിക്കുന്നത്. ഇതേ ദിവസത്തെ ദൃശ്യങ്ങള്‍ മാത്രം കാണാനാവാത്തത് എസ്‌ഐടിയുടെ സംശയത്തെ കൂടുതല്‍ ശക്തിപ്പെടുത്തിയതായി അന്വേഷണ വിഭാഗം സൂചിപ്പിക്കുന്നു.
