നീറ്റ് യു.ജി പരീക്ഷ റദ്ദാക്കി; സംഘടിത അഴിമതിയെന്ന് രാഹുൽ ഗാന്ധി, സി.ബി.ഐ അന്വേഷണത്തിന് ഉത്തരവ്

ദില്ലി: ഇക്കഴിഞ്ഞ മെയ് 3 ന് നടന്ന നീറ്റ് യു ജി പരീക്ഷ റദ്ദാക്കിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പരീക്ഷ റദ്ദാക്കാൻ കാരണമായ ചോദ്യ പേപ്പർ ചോർച്ച സംഘടിത അഴിമതിയെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. സർക്കാരിന്റെ വീഴ്ച വിദ്യാർത്ഥികളോടുള്ള അപരാധമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമൃതകാലം വിഷകാലമായെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. ഇന്ന് രാവിലെയാണ് ചോദ്യപ്പേപ്പർ ക്രമക്കേട് കാരണം ഈ വർഷത്തെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ റദ്ദാക്കിയത്. മെയ് 3 ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നുവെന്ന് വ്യക്തമായതോടെയാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു. മെഡിക്കൽ പ്രവേശനത്തിനായി വീണ്ടും പരീക്ഷ നടത്തും. ഇതിനായി വിജ്ഞാപനം ഇറക്കും. പുതിയ ഹാൾടിക്കറ്റ് ഉടൻ കുട്ടികൾക്ക് വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഒരിക്കൽ പരീക്ഷയെഴുതിയതിനാൽ പുതുതായി രജിസ്ട്രേഷൻ നടത്തേണ്ടതിന്റേയോ ഫീസ് അടയ്ക്കേണ്ടതിന്റെയോ ആവശ്യമില്ലെന്നും നാഷണൽ ടെസ്റ്റിംഗ് ഏജൻസി വ്യക്തമാക്കി. പരീക്ഷാ സംവിധാനത്തിലുള്ള വിശ്വാസം വീണ്ടെടുക്കുന്നതിന് വേണ്ടി കൂടിയാണ് പുനഃപരീക്ഷ നടത്തുന്നതെന്ന് സർക്കാർ പ്രഖ്യാപിച്ചു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ അറിയിപ്പ് പ്രകാരം, അന്വേഷണ ഏജൻസികൾ നൽകിയ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് തീരുമാനം. ചോദ്യപ്പേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം നടത്തും. പരീക്ഷാ നടപടികളിൽ കൃത്രിമം നടന്നതായാണ് കണ്ടെത്തൽ.



