കൂറുമാറ്റത്തിന് പിന്നാലെ ‘അൺഫോളോ’ കാമ്പെയ്ൻ; രാഘവ് ഛദ്ദയ്ക്ക് ഒറ്റദിവസം കൊണ്ട് നഷ്ടമായത് 13 ലക്ഷം ഫോളോവേഴ്സിനെ

സാധാരണക്കാരായ നിരവധി പേരെ നേരിട്ട് ബാധിക്കുന്ന നിരവധി പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിച്ചത് വഴി രാജ്യത്ത് അടുത്തിടെ ശ്രദ്ധക്കപ്പെട്ട ഒരു പാർലമെന്റേറിയനായിരുന്നു രാജീവ് ഛദ്ദ എന്ന എഎപി എംപി. പാർലമെന്റിലെ ഛദ്ദയുടെ ഇടപെടൽ അദ്ദേഹത്തിന് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ആരാധകരെയാണ് നേടിക്കൊടുത്തത്. എന്നാൽ, എഎപി വിട്ട് ബിജെപി പാളയത്തേക്കുള്ള ഛദ്ദയുടെ കൂടുമാറ്റം സമൂഹ മാധ്യമ ഉപയോക്താക്കൾ തള്ളിക്കളഞ്ഞിരിക്കുന്നു. പാർട്ടി മാറി 24 മണിക്കൂറിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ രാജീവ് ഛദ്ദയ്ക്ക് നഷ്ടമായത് 10 ലക്ഷം ഫോളോവേഴ്സിനെ.
ദൈനംദിന വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് യുവാക്കൾക്കിടയിൽ പ്രചാരം നേടിയ രാജീവ് ഛദ്ദയുടെ ഈ രാഷ്ട്രീയ മാറ്റം ഒരു “അൺഫോളോ” കാമ്പെയ്നിനാണ് സമൂഹ മാധ്യമങ്ങളിൽ തുടക്കമിട്ടത്. രാഷ്ട്രീയ കൂറുമാറ്റങ്ങൾ പലപ്പോഴും പാർട്ടി സമവാക്യങ്ങളെ പുനർനിർമ്മിക്കുന്നത് സാധാരണമാണ്. എന്നാൽ, സമൂഹ മാധ്യമ ഉപയോക്താക്കൾ, പ്രത്യേകിച്ചും യുവാക്കൾ ഛദ്ദയുടെ ചുവട് മാറ്റത്തെ അംഗീകരിക്കുന്നില്ലെന്നതിന് ഉദാഹരണമാണ് സമൂഹ മാധ്യമങ്ങളിലെ ഈ കൊഴിഞ്ഞ് പോക്ക്.
സമൂഹ മാധ്യമങ്ങൾ ശക്തമായ കാലത്ത് നടക്കുന്ന രാഷ്ട്രീയ നീക്കങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രതിഫലിക്കുന്നു. ബിജെപിയിലേക്കുള്ള തന്റെ രാഷ്ട്രീയ ചുവടുമാറ്റം രാജീവ് ഛദ്ദ പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ഇന്സ്റ്റാഗ്രാം പേജിലെ ഫോളോവേഴ്സിന്റെ എണ്ണം 1.46 കോടിയിൽ നിന്നും 1.33 കോടിയിലേക്ക് വീണു. 13 ലക്ഷത്തിലേറെ ഫോളോവേഴ്സാണ് ഒറ്റ ദിവസം കൊണ്ട് രാജീവ് ഛദ്ദയെ ഉപേക്ഷിച്ചത്.



