
ഓഫീസ് തര്‍ക്കത്തിന് പിന്നാലെ ശാസ്തമംഗലത്തെ ഓഫീസില്‍ വി കെ പ്രശാന്ത് എംഎല്‍എയുടെ നെയിംബോര്‍ഡിനു മുകളിലായി ബിജെപി കൗണ്‍സിലര്‍ ആർ ശ്രീലേഖ പുതിയ നെയിംബോര്‍ഡ് സ്ഥാപിച്ചു. ഇതിന്റെ ചിത്രങ്ങളും ശ്രീലേഖ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു.
എംഎല്‍എ ഓഫീസില്‍ ശാസ്തമംഗലത്തെ ബിജെപി കൗണ്‍സിലര്‍ അതിക്രമിച്ചു കയറിയെന്ന് മുഖ്യമന്ത്രിക്കു പരാതി നല്‍കിയ അഭിഭാഷകനെയും ശ്രീലേഖ പരിഹസിച്ചു. ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുകയാണെന്നാണ് ശ്രീലേഖയുടെ പ്രതികരണം.’ന്യൂ ഇയര്‍ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ കേട്ട വാര്‍ത്ത, തനിക്കെതിരെ ഏതോ കമ്യൂണിസ്റ്റ് വക്കീല്‍ എനിക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്തു.
താന്‍ വട്ടിയൂര്‍കാവ് എംഎല്‍എയുടെ ഓഫിസില്‍ അതിക്രമിച്ചു കയറി സ്വന്തമായി ഓഫിസ് തുറന്നു. അതില്‍ എനിക്കെതിരെ കേസ് എടുക്കണം. എന്നെ അറസ്റ്റ് ചെയ്ത് തുറുങ്കില്‍ അടയ്ക്കണമെന്നുമാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരിക്കുന്നത്. തുടര്‍നടപടികള്‍ക്കായി പരാതി മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറിയെന്നാണ് അറിയുന്നത്. ഇതിനെയാണ് ഓലപ്പാമ്പിനെ കാട്ടി പേടിപ്പിക്കുക എന്നു പറയുന്നത്’ -ശ്രീലേഖ ഫെയ്‌സ്ബുക്ക് വിഡിയോയില്‍ പറഞ്ഞു.


