‘പശ്ചിമേഷ്യൻ സംഘർഷം ലോകത്ത് കൊവിഡിന് സമാനമായ ആഗോള പ്രത്യാഘാതമുണ്ടാക്കും’ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ

പശ്ചിമേഷ്യൻ സംഘർഷം കോവിഡ് മഹാമാരിക്ക് സമാനമായ ആഗോള പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതേ വിഷയത്തിൽ നേരത്തെ ആശങ്ക പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പുടിന്റെ ഈ പ്രസ്താവന. നിലവിലെ പ്രതിസന്ധി ലോകമെമ്പാടുമുള്ള വിതരണ ശൃംഖലകളെയും വ്യവസായങ്ങളെയും സാരമായി ബാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ സംഘർഷം ഉയർത്തുന്ന ആഗോള പ്രത്യാഘാതങ്ങൾ എത്രത്തോളമുണ്ടാകുമെന്ന് പ്രവചിക്കാൻ കഴിയില്ലെന്ന് പുടിൻ പറഞ്ഞു. യുദ്ധത്തിൽ നേരിട്ട് ഏർപ്പെട്ടിരിക്കുന്നവർക്ക് പോലും ഇതിന്റെ ആഴം മുൻകൂട്ടി കാണാൻ സാധിക്കില്ല. ഹൈഡ്രോ കാർബണുകൾ (എണ്ണ, വാതകം), ലോഹങ്ങൾ, വളം തുടങ്ങിയ മേഖലകളെ ഈ പ്രതിസന്ധി നേരിട്ട് ബാധിച്ചു കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് കാലഘട്ടത്തിൽ ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളുടെയും വികസനം എങ്ങനെയാണോ തടസ്സപ്പെട്ടത്, അതിന് സമാനമായ സാമ്പത്തിക ആഘാതമാണ് ഇപ്പോൾ നേരിടുന്നത്. ഊർജ്ജത്തെ അമിതമായി ആശ്രയിക്കുന്ന രാജ്യങ്ങൾക്ക് ഈ സാഹചര്യം വലിയ വെല്ലുവിളിയാകും. ഇത്തരം ഒരു പുതിയ യാഥാർത്ഥ്യത്തെ നേരിടാൻ സജ്ജമാകണമെന്നും ദേശീയ ഐക്യം നിലനിർത്തണമെന്നും അദ്ദേഹം റഷ്യയിലെ ജനങ്ങളോട് ആഹ്വാനം ചെയ്തു. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കുന്നതും ചരക്ക് നീക്കം തടസ്സപ്പെടുന്നതും ആഗോള സമ്പദ്‌വ്യവസ്ഥയെ വലിയൊരു തകർച്ചയിലേക്ക് നയിക്കുമെന്ന ഭീതി ഇതോടെ ശക്തമായിരിക്കുകയാണ്.



