”മഞ്ഞുമ്മൽ ബോയ്സ് ” നിർമാതാക്കൾക്കെതിരെ കേസെടുത്ത് പോലീസ്

0

എറണാകുളം : മലയാള സിനിമയിൽ റെക്കോർഡുകൾ സൃഷ്‌ടിച്ച സൂപ്പർഹിറ്റ് ചിത്രം ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ നിർമാതാക്കൾക്കെതിരേ പോലീസ് കേസെടുത്തു. നിർമാതാക്കളായ ഷോൺ ആന്റണി, സൗബിൻ ഷാഹിർ, ബാബു ഷാഹിർ എന്നിവർക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്. സിനിമയ്ക്കായി മുടക്കിയ പണമോ ലാഭവിഹിതമോ തിരിച്ചു നൽകിയില്ലെന്ന് കാണിച്ച് അരൂർ സ്വദേശി സിറാജ് നൽകിയ പരാതിയിലാണ് നടപടി.

എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരമാണ് നടപടി എടുത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റങ്ങൾ ചുമത്തി എറണാകുളം മരട് പോലീസാണ് സംഭവത്തിൽ കേസെടുത്തിരിക്കുന്നത്. സിനിമയ്ക്കായി 7 കോടി രൂപ മുടക്കിയിട്ട് ലാഭവിഹിതമോ മുടക്കുമുതലോ നൽകിയില്ല എന്ന് കാണിച്ചായിരുന്നു ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ നിർമാതാക്കൾക്കെതിരെ പരാതി നൽകിയത്.

ഇതിന് പിന്നാലെ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ ഉത്തരവ് നൽകിയിരുന്നു. മലയാള സിനിമാ ചരിത്രത്തിൽ 200 കോടി ക്ലബിൽ ഇടം നേടുന്ന ആദ്യ ചിത്രമാണു മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22നാണു തിയറ്ററുകളിലെത്തിയത്.

തമിഴ് ഡബ്ബിങ്ങില്ലാതെ തമിഴ്നാട്ടിൽ 50 കോടി നേടുന്ന ആദ്യ ഇതരഭാഷാ ചിത്രമാണ്.സിനിമയുടെ മൊഴിമാറ്റ പതിപ്പുകളും എത്തുന്നതോടെ കലക്‌ഷൻ ഇനിയുമേറെ കുതിക്കുമെന്നാണു കരുതുന്നത്. ചിദംബരം സംവിധാനം ചെയ്ത മൾട്ടി സ്റ്റാർ ചിത്രത്തിനു മലയാളത്തിനു പുറത്തുനിന്നും നല്ല പ്രതികരണമായിരുന്നു. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്ന് പ്രേക്ഷകർക്കു മുന്നിലെത്തിച്ച ചിത്രം ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണു നിർമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here