കോഴിക്കോട്: 40 വര്‍ഷം മുമ്പ് 2 പേരെ കൊലപ്പെടുത്തിയെന്ന് ഏറ്റുപറച്ചില്‍ നടത്തിയ മുഹമ്മദലിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം തയാറാക്കി പൊലീസ്. കൂടരഞ്ഞിയില്‍ കൊല്ലപ്പെട്ടതായി കരുതുന്ന ആളുടെ രേഖാ ചിത്രമാണ് മുഹമ്മദലിയുടെ സഹായത്തോടെ തിരുവമ്പാടി പൊലീസ് തയ്യാറാക്കിയത്. രേഖാ ചിത്രത്തിന് കൊല്ലപ്പെട്ട ആളുമായി 80 ശതമാനത്തോളം സാമ്യമുണ്ടെന്നാണ് മുഹമ്മദലി പൊലീസിനോട് പറഞ്ഞത്.
കൂടരഞ്ഞിയില്‍ 1986ലും വെള്ളയില്‍ ബീച്ചില്‍ 1989ലും ഓരോ ആളുകളെ കൊലപ്പെടുത്തിയെന്നായിരുന്നു വെളിപ്പെടുത്തല്‍. മുഹമ്മദലി പറഞ്ഞ കാലയളവില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ബീച്ചില്‍ മരിച്ചയാളുടെ രേഖാചിത്രം തയാറാക്കിയിട്ടില്ല. കോഴിക്കോട് കൂടരഞ്ഞി സ്വദേശി മുഹമ്മദലി വിവാഹത്തിനുശേഷമാണ് വേങ്ങരയിലേക്ക് താമസം മാറിയത്. ജൂണ്‍ അഞ്ചിനാണ് മുഹമ്മദലി വേങ്ങര പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോള്‍ കുറ്റബോധം കൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ലെന്നും 14ാം വയസ്സില്‍ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞ മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയില്‍ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തിരുന്നു
1986 നവംബര്‍ അവസാനമായിരുന്നു സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്ന ആളുടെ പറമ്പില്‍ കൂലിപ്പണിക്കു നില്‍ക്കുമ്പോള്‍, 14 വയസ്സു മാത്രമുള്ള തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്കു ചവിട്ടി വീഴ്ത്തി എന്നായിരുന്നു മുഹമ്മദലിയുടെ മൊഴി. സ്ഥലത്തു നിന്ന് ഓടിപ്പോയ മുഹമ്മദലി രണ്ടു ദിവസം കഴിഞ്ഞാണ്, തോട്ടില്‍ മുങ്ങിയ ആള്‍ മരിച്ച വിവരം അറിയുന്നത്. അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാന്‍ ബന്ധുക്കളാരും എത്തിയില്ല. തുടര്‍ന്ന് അജ്ഞാത മൃതദേഹമായി സംസ്‌കരിച്ച് കേസിലെ നടപടി അവസാനിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിനെ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്റെ കയ്യില്‍ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലില്‍ ശ്വാസം മുട്ടിച്ചു കൊന്നു എന്നും മുഹമ്മദ് വെളിപ്പെടുത്തിയിരുന്നു.