Kerala

പൗര പ്രമുഖര്‍ക്ക് 20 ലക്ഷം രൂപയുടെ ക്രിസ്മസ് വിരുന്നുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പൗരപ്രമുഖരെ പിരിഞ്ഞിരിക്കാന്‍ വയ്യാത്ത സാഹചര്യമാണിപ്പോള്‍. നവകേരള സദസ്സില്‍ എല്ലാ ദിവസവും പൗരപ്രമുഖരോടൊത്തുള്ള പ്രാതലോടെ തുടങ്ങുന്ന മുഖ്യമന്ത്രി ക്രിസ്മസിനും ഒരുക്കുന്നത് വമ്പന്‍ വിരുന്ന്.

20 ലക്ഷം രൂപ ചെലവിട്ടുള്ള ക്രിസ്മസ് വിരുന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരപ്രമുഖര്‍ക്കുവേണ്ടി ഒരുക്കുന്നത്. ജനുവരി ആദ്യ ആഴ്ച്ചയാണ് വിരുന്ന്. പ്രതീക്ഷിക്കുന്ന ചെലവ് എത്രയാണെങ്കിലും ട്രഷറി നിയന്ത്രണം ബാധകമാകില്ലെന്നതാണ് മറ്റൊരുകാര്യം.

മുഖ്യമന്ത്രിയുടെ പരിപാടി ആയതിനാല്‍ ട്രഷറി നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കി ബാലഗോപാല്‍ പണം അനുവദിക്കും. പൗര പ്രമുഖരുടെ ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല സി.എം രവീന്ദ്രനാണ്. പരിപാടിയുടെ നടത്തിപ്പ് ചുമതലയും സി.എം. രവീന്ദ്രന് തന്നെ. മുഖ്യമന്ത്രിയുടെ പൗര പ്രമുഖരുടെ വിരുന്ന് സല്‍ക്കാരം കെങ്കേമമാക്കാന്‍ സി.എം രവീന്ദ്രനുള്ള വിരുത് പ്രസിദ്ധമാണ്.

ഓണസദ്യ ആയാലും ക്രിസ്മസ് വിരുന്നായാലും ഇഫ്താര്‍ സംഗമം ആയാലും നടത്തിപ്പ് ചുമതല സി.എം. രവീന്ദ്രന് ആയിരിക്കും. കഴിഞ്ഞ വര്‍ഷം ക്രിസ്മസ് വിരുന്നൊരുക്കിയത് 570 പൗര പ്രമുഖര്‍ക്കായിരുന്നു. മാസ്‌ക്കറ്റ് ഹോട്ടലില്‍ ആയിരുന്നു ക്രിസ്മസ് വിരുന്ന് ഒരുക്കിയത്. ക്രിസ്മസിന് മുമ്പായിരുന്നു വിരുന്ന് ഒരുക്കിയത്.

ഡിസംബര്‍ 20 ന് നടന്ന വിരുന്നില്‍ 32 ഇനങ്ങളാണ് ഒരുക്കിയത്. ചിക്കന്‍ ബിരിയാണി, വെജിറ്റബിള്‍ ബിരിയാനി, ഫിഷ് മോളി, മീന്‍ പീര , പോത്ത് വരട്ടിയത് , ഡക്ക് റോസ്റ്റ്, മട്ടന്‍ മലബാറി, കരിമീന്‍ ഫ്രൈ, കള്ളപ്പം , ഇഡിയപ്പം, ഗ്രില്‍ഡ് പ്രോണ്‍ സ് , ചപ്പാത്തി, പുളിശേരി, സോയ കട്‌ലൈറ്റ്, വാനില ഐസ് ക്രീം. മിന്റ് ലൈം, വാട്ടര്‍ ലെമണ്‍ ജ്യൂസ്, ഐറിഷ് ക്രീം, കട്ട് ഫ്രൂട്ട്‌സ്, ചീസ് ബോള്‍സ് ആന്റ് സോസസ്, ബ്രഡ് റോള്‍സ്, കാഷ്യു നട്ട് സൂപ്പ്, കടല തേങ്ങപ്പാല്‍ കറി, കരിക്ക്, മിന്റ് പൈ, കൂര്‍ക്ക മെഴുക്ക് പിരട്ടി, പയര്‍ മെഴുക്കു പിരട്ടി, പ്ലം കേക്ക്, റെയ്റ്റ, പിക്കിള്‍, കാബേജ് തോരന്‍, ബോയില്‍ഡ് റൈസ്, വെജിറ്റബിള്‍ സ്റ്റ്യൂ എന്നീ 32 ഇനങ്ങളാണ് വിരുന്നിന് ഒരുക്കിയത്.

ഭക്ഷണത്തിന് മാത്രം 9,24,160 രൂപ ചെലവായെന്നും അത് സര്‍ക്കാരില്‍ നിന്നും ലഭിച്ചുവെന്നും കെ.പി.സി.സി സെക്രട്ടറി അഡ്വ സി.ആര്‍. പ്രാണ കുമാറിന് മാസ്‌ക്കറ്റ് ഹോട്ടലില്‍ നിന്ന് ലഭിച്ച വിവരവകാശ മറുപടിയില്‍ നിന്ന് വ്യക്തം. വിരുന്നില്‍ പങ്കെടുത്ത് മടങ്ങിയ പൗര പ്രമുഖര്‍ക്കെല്ലാം പട്ടത്തെ പ്രമുഖ ബേക്കറിയില്‍ നിന്ന് മുഖ്യമന്ത്രിയുടെ വക ക്രിസ്മസ് കേക്കും നല്‍കി. അതും സര്‍ക്കാര്‍ വക ചെലവ്.

ഇത്തവണ പൗര പ്രമുഖരുടെ എണ്ണം ഉയരും എന്നാണ് ലഭിക്കുന്ന സൂചന. ഭീമന്‍ രഘു, രാജസേനന്‍ എന്നിവരെല്ലാം പൗര പ്രമുഖരുടെ ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. ക്ഷണകത്ത് തയ്യാറാക്കാനുള്ള തിരക്കിലാണ് സി.എം. രവീന്ദ്രന്‍ . ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് മുഖ്യമന്ത്രിയും പൗരപ്രമുഖരും 20 ലക്ഷം രൂപക്ക് ക്രിസ്മസ് നവ വല്‍സരം ആഘോഷിക്കുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി മൂലം ലൈഫ് മിഷന്‍ വീട് കിട്ടാതെ കാത്ത് നില്‍ക്കുന്നത് 9 ലക്ഷം പേരാണ്. 5 ലൈഫ് മിഷന്‍ വീട് നിര്‍മ്മിക്കാനുള്ള തുകയാണ് മുഖ്യമന്ത്രി ക്രിസ്മസ് നവവത്സര വിരുന്ന് എന്ന പേരില്‍ ധൂര്‍ത്തടിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button