NationalNews

10 ദിവസത്തിനിടെ ഇത് മൂന്നാം തവണ ; ഇന്ധന വില വീണ്ടും കൂട്ടി, പെട്രോളിന് 87 പൈസയുടെ വർധനവ്

ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് വർധിപ്പിച്ചത്. 10 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. മെയ് 15ന് രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചിരുന്നു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചത്. ഇതിന് പിന്നാലെ കഴിഞ്ഞദിവസം പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയും വർധിപ്പിച്ചിരുന്നു.

എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ അസംസ്കൃത എണ്ണയുടെ വില കുതിക്കുന്നതാണ് ഇന്ത്യയെയും ബാധിക്കുന്നത്. ഇറാനിലെ സംഘർഷം ആഗോള എണ്ണ വിതരണ ശൃംഖലയെ ബാധിച്ചതാണ് നിലവിലെ വില വർധനവിന് പ്രധാന കാരണം. അതേസമയം, ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി സിലിണ്ടർ വിലയും ഉടൻ വർധിക്കുമെന്ന് റിപ്പോർട്ടുണ്ട്.

ഇന്ധനവില വർധിക്കുന്നത് ഗതാഗതച്ചെലവ് കൂട്ടുന്നതിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടാക്സി, ബസ് സർവീസുകളെയും സാധാരണക്കാരായ വാഹന ഉടമകളെയും ഇത് നേരിട്ട് ബാധിക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇനിയും ഉയരുകയാണെങ്കിൽ വരും ദിവസങ്ങളിലും വില വർധനവ് തുടരാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button