News

കേരളത്തിൽ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി; രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറി; ‘പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറി, പിബി നൂഹ് ജിഎസ്ടി കമ്മീഷണർ

തിരുവനന്തപുരം: പുതിയ സ‍‍ർക്കാർ‌ അധികാരത്തിൽ വന്നതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി. പാട്ടീൽ അജിത് ഭഗവത് റാവുവിനെ ധനവകുപ്പ് സെക്രട്ടറിയായും പി. ബി നൂഹിനെ ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. കെ ഇമ്പശേഖർ വാട്ടർ അതോറിറ്റി എംഡിയാണ്. കണ്ണൂർ കളക്ടറായ അരുൺ കെ വിജയനെ വ്യവസായ വകുപ്പ് ഡയറക്ടറായും സ്നേഹിൽ കുമാർ സിങിനെ എൻട്രൻസ് കമ്മീഷണറായും നിയമിച്ചു. അതേസമയം, രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ച ഉത്തരവ് ഇറങ്ങി.

ചീഫ്‌ ഇലക്ടറല്‍ ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിച്ചത്‌, നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെത്തന്നെ ചോദ്യം ചെയ്യുന്ന നടപടിയാണെന്ന് വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌. തെരഞ്ഞെടുപ്പിന്‌ തൊട്ടുപിന്നാലെ ഉദ്ദിഷ്ട കാര്യത്തിന്‌ ഉപകാരസ്‌മരണ എന്നതുപോലെ ഇത്തരം ഒരു നിയമനം നടത്തിയ അനുഭവം കേരളത്തില്‍ ഇന്നോളം ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ്‌ ഘട്ടത്തില്‍ യു.ഡി.എഫിന്‌ വേണ്ടി കമ്മീഷന്‍ പക്ഷപാതപരവും, ദുരൂഹവുമായ പല നടപടികളും സ്വീകരിച്ചുവെന്ന എല്‍.ഡി.എഫ്‌ ആരോപണം ശരിവെക്കുന്ന കാര്യങ്ങളാണ്‌ ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള കത്തില്‍ തെരഞ്ഞെടുപ്പ്‌ കമ്മീഷന്റെ സീലിന്‌ പകരം ബി.ജെ.പി സീല്‍ കണ്ടതും വിവാദമായിരുന്നു. പശ്ചിമ ബംഗാളില്‍ സമാനമായ രീതിയില്‍ നിയമനങ്ങള്‍ നടന്നപ്പോള്‍, ബി.ജെ.പിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള കള്ളച്ചന്തയില്‍ മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്‌. നിയമനം, ലജ്ജയില്ലാത്ത കൂട്ടുകെട്ടും, ഒത്തുകളിയുമെന്ന്‌ എ.ഐ.സി.സി പ്രതികരിച്ചു. കേരളത്തില്‍ നടന്നത്‌ കോണ്‍ഗ്രസും, ബി.ജെ.പിയും, തെരഞ്ഞെടുപ്പ്‌ കമ്മീഷനുമായുള്ള ലജ്ജയില്ലാത്ത ഒത്തുകളിയും, കൂട്ടുകെട്ടുമല്ലേ എന്ന്‌ രാഹുല്‍ ഗാന്ധിയും അഖിലേന്ത്യാ കോണ്‍ഗ്രസ്‌ കമ്മിറ്റിയും വ്യക്തമാക്കണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button