അവസാനനിമിഷം പ്രവര്‍ത്തകര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്തു; വെളിപ്പെടുത്തലുമായി ബിജെപി സ്ഥാനാര്‍ഥി

0

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പരാജയപ്പെടുത്താനായി അവസാന നിമിഷം പ്രവര്‍ത്തകരില്‍ ചിലര്‍ ആര്യാടന്‍ ഷൗക്കത്തിന് വോട്ട് ചെയ്‌തെന്ന് ബിജെപി സ്ഥാനാര്‍ഥി മോഹന്‍ ജോര്‍ജ്. ബിജെപിക്ക് വിജയസാധ്യതയില്ലെന്ന് കണ്ടതോടെ, ഇടതുപക്ഷത്തെ തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ വോട്ട് ചെയ്തതെന്ന് മോഹന്‍ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി 20,000 വോട്ടാണ് പ്രതീക്ഷിക്കുന്നത്. അവസാന റൗണ്ടില്‍ വിജയസാധ്യതയില്ലെന്ന് കണ്ടതോടെ പ്രവര്‍ത്തകരില്‍ ചിലര്‍ വോട്ട് മറിച്ച് ചെയ്യാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. ഇന്നലെ തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ അത്തരത്തിലാണ്. എന്നാല്‍ കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് നേടി ബിജെപി നില മെച്ചപ്പെടുത്തും. ഇലക്ഷന്‍ പ്രചാരണത്തിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. അവസാനനിമിഷമാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കുറച്ചൂകൂടി നേരത്തെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനായിരുന്നെങ്കില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

അന്‍വര്‍ രാജിവച്ചതിന് പിന്നാലെ തന്നെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. പിന്നെ ഇരുമുന്നണികളുടെയും എംഎല്‍എമാര്‍ മണ്ഡലത്തില്‍ ഉള്‍പ്പടെ സജീവമായി രംഗത്തുണ്ടായിരുന്നു. ക്രിസ്ത്യന്‍ വീടുകളില്‍ വീണാ ജോര്‍ജും, സജി ചെറിയാനും മുസ്ലീം വീടുകള്‍ കേന്ദ്രീകരിച്ച് വി അബ്ദുറഹിമാനും പ്രചാരണം നടത്തിയെന്ന് മോഹന്‍ ജോര്‍ജ് പറഞ്ഞു. ഇത്തവണ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകള്‍ അടിത്തറയാക്കി അടുത്ത തവണ വലിയ മുന്നേറ്റം ബിജെപിക്ക് ഉണ്ടാക്കാന്‍ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here