
തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ താന്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി വിരുദ്ധമായി താന്‍ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. തനിക്ക് നേരിട്ട അപമാനത്തിന്റെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തതെന്നും ജി സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഞാന്‍ ആരുടെയും പിന്തുണ തേടി പോയിട്ടില്ല. ഒരാളുടെയും സ്ഥാനാര്‍ഥിയല്ല. സ്വതന്ത്രനാണ്. പിന്തുണ നല്‍കി കത്തൊന്നും ലഭിച്ചിട്ടില്ല. അതുകൊണ്ട് തന്നെ പിന്തുണയുടെ പ്രശ്‌നം ഉദിക്കുന്നില്ല. വിജയിക്കുമെന്ന പ്രതീക്ഷയിലല്ലേ മത്സരിക്കുന്നത്. ആരെങ്കിലും പിന്തുണയുമായി വന്നാല്‍ പിന്തുണയുടെ സ്വഭാവം അനുസരിച്ച് തീരുമാനമെടുക്കും.’- ജി സുധാകരന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയുടെയും സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു. ഒരു പാര്‍ട്ടിയിലും ഒരു മുന്നണിയിലും ചേരില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്നത് പ്രചാരണം മാത്രം. പാര്‍ട്ടി ആദര്‍ശം ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാനില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.
‘പൊന്നേ മോനേ പോകരുതെടാ എന്ന് പറയാന്‍ കഴിയുമോ; ഇതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കിയവര്‍ പോയിട്ട് പോലും പാര്‍ട്ടിക്ക് ഒരു പുല്ലും സംഭവിച്ചില്ല’
‘പ്രതിപക്ഷ കക്ഷികളുമായി സംസാരിച്ചിട്ടില്ല. മുന്നണിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പറഞ്ഞിട്ടില്ല.കോണ്‍ഗ്രസ് നേതാക്കളുമായി സംസാരിച്ച് ഉറപ്പിച്ചു വച്ചിരിക്കുകയാണെന്നാണ് മാധ്യമപ്രചാരണം. അങ്ങനെയൊരു സംഭം ഉണ്ടായിട്ടില്ല. അതിന്റെ ആവശ്യമില്ല. യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. അങ്ങനെ പറയാന്‍ ഉദ്ദേശിക്കുന്നുമില്ല. പാര്‍ട്ടി നേതാക്കള്‍ ദൗത്യവുമായി വരുന്നു എന്നതാണ് മറ്റൊരു പ്രചാരണം. ഒരു ദൗത്യവുമായി ആരും എന്റെയടുത്ത് വന്നിട്ടില്ല. ആര്‍ നാസറിന്റെ നേതൃത്വത്തില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി അംഗങ്ങളും വന്നു കണ്ടിരുന്നു. അതിന് മുന്‍പ് ഒരാഴ്ച മുന്‍പ് സുജാതയും ഹരിശങ്കറും വന്നു. സുജാത ബന്ധുവാണ്.ഹരിശങ്കര്‍ ഒന്നും മിണ്ടിയില്ല. സുജാത രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ച് പോയി. അടുത്ത ദിവസങ്ങളില്‍ നടന്ന കാര്യമാണ്.ഇതെല്ലാ പ്രചാരണങ്ങളാണ്. ഒരു ദൗത്യവുമായി ആരും വന്നിട്ടില്ല. ദൗത്യവുമായി വരേണ്ട സാഹചര്യങ്ങളുമില്ല.’ – ജി സുധാകരന്‍ പറഞ്ഞു.
‘ആരും നിര്‍ബന്ധിച്ചല്ല പാര്‍ട്ടിയില്‍ ചേര്‍ത്തത്. ആരും നിര്‍ബന്ധിച്ചിട്ടല്ല മെമ്പര്‍ഷിപ്പ് പുതുക്കാതിരുന്നത്.പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കിയില്ല എന്നുമാത്രം. എന്നാല്‍ പാര്‍ട്ടിയുടെ ആദര്‍ശങ്ങളും ആശയങ്ങളും ഉപേക്ഷിച്ചിട്ടില്ല. പാര്‍ട്ടിയെ ആക്ഷേപിക്കാന്‍ ഞാന്‍ ഇല്ല. മൂലധനവും കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോയും വായിച്ചിട്ടുണ്ട്. കമ്മ്യൂസിസ്റ്റ് മാനിഫെസ്റ്റോ ഓരോ തവണ വായിക്കുമ്പോഴും ഇഷ്ടം കൂടുകയാണ്. പാര്‍ട്ടിക്ക് വേണ്ടി ജീവിച്ച ആളാണന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.




