
ചികിത്സാ പിഴവിനെ തുടർന്ന് യുവതി മരിച്ചെന്ന് പരാതി. വടക്കൻ പറവൂർ പട്ടണം സ്വദേശിനി കാവ്യ മോളുടെ (30) മരണത്തിലാണ് സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകിയത്. അസ്വാഭാവിക മരണത്തിന് വടക്കൻ പറവൂർ പോലീസ് കേസെടുത്തു. അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നും സാധ്യമായ എല്ലാ ചികിത്സകളും നൽകിയിട്ടുണ്ടെന്നുമാണ് ആശുപത്രിയുടെ വിശദീകരണം.
ഇന്നലെ വൈകീട്ടാണ് കാവ്യ മരണപ്പെടുന്നത്. ഡിസംബര്‍ 24-ാം തിയതിയാണ് പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ കാവ്യയെ രണ്ടാമത്തെ പ്രസവത്തിനായി അഡ്മിറ്റ് ചെയ്തത്. കാവ്യയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രസവത്തിന് പിന്നാലെ കാവ്യയ്ക്ക് വലിയ രീതിയില്‍ രക്തസ്രാവമുണ്ടായി.
അന്ന് വൈകുന്നേരത്തോടെ കാവ്യയ്ക്ക് ഹൃദയാഘാതവുമുണ്ടായി. പിന്നീട് കാവ്യയെ വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കാവ്യ വെന്റിലേറ്ററിലാണെന്നോ കാര്യങ്ങള്‍ ഇത്രയും ഗുരുതരമാണെന്നോ വ്യക്തമായി തങ്ങളോട് ആശുപത്രി അധികൃതര്‍ പറഞ്ഞില്ലെന്നാണ് ബന്ധുക്കളുടെ മറ്റൊരു ആരോപണം.


