
പാലോട് രവിയുടെ രാജി കെപിസിസി നേതൃത്വത്തിൻ്റെ ആവശ്യപ്രകാരം. രാജി വെച്ചില്ലെങ്കിൽ നടപടിയെടുക്കേണ്ടി വരുമെന്ന് നേതൃത്വം മുന്നറിയിപ്പു നൽകി. ഇതേത്തുടർന്ന് പാലോട് രവി രാജിക്കത്ത് നൽകുകയായിരുന്നു. കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫാണ് രാജി തന്നെ വേണമെന്ന് നിർദേശിച്ചത്. സംസ്ഥാനത്തെ എല്ലാ പ്രധാനപ്പെട്ട നേതാക്കളുമായി സണ്ണി ജോസഫ് ഫോണിൽ സംസാരിച്ചു. എ.ഐ.സി.സി നേതൃത്വത്തെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു.
പ്രാദേശിക നേതാവുമായി പാലോട് രവി നടത്തിയ ഫോൺ സംഭാഷണം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പാലോട് രവിയുടെ രാജി. രാജി സ്വീകരിച്ചതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പോടെ, കോൺഗ്രസ് കേരളത്തിൽ എടുക്കാച്ചരക്ക് ആകുമെന്ന പരാമർശമാണ് വിവാദമായത്. പാലോട് രവിയുമായി സംസാരിച്ച വാമനപുരം ബ്ലോക്ക് ജനറൽ സെക്രട്ടറി എ.ജലീലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി.
മാസങ്ങൾക്ക് മുൻപുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണമാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. എൽഡിഎഫ് ഭരണം തുടരുമെന്നും കോൺഗ്രസ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്നാമതാകും എന്നുമാണ് തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പറഞ്ഞത്. കുറെ പ്രവർത്തകർ ബിജെപിയിലേക്കും മുസ്ലിം വിഭാഗം സിപിഐഎമ്മിലേക്കും പോകുമെന്നും അദ്ദേഹം ഫോൺ സംഭാഷണത്തിൽ പറഞ്ഞിരുന്നു.