നിപ രോഗം സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമെന്ന് പാലക്കാട് ജില്ല കളക്ടർ ജി പ്രയങ്ക. രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയത് 3 പേർ ആണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ സാമ്പിൾ ഫലം നെഗറ്റീവ് ആണ്. പാലക്കാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ 2 കുട്ടികൾ ചികിത്സയിൽ ആണ്. ഇരുവരുടെയും സാമ്പിൾ പരിശോധന ഫലം ഉടൻ ലഭിക്കും. രോഗം സ്ഥിരീകരിച്ച യുവതിയുടെ സമ്പർക്ക പട്ടികയിൽ 173 പേർ ആണ് ഉണ്ടായിരുന്നത്. മുഴുവൻ പേരും ഹോം ക്വാറൻ്റൈനിൽ ആണ് എന്നും കളക്ടർ പറഞ്ഞു.
നിപ ബാധിച്ച യുവതിയെ പെരുന്തല്‍മണ്ണ ആശുപത്രിയിൽ നിന്നും കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിലവിൽ മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യം വിലയിരുത്താൺ കേന്ദ്ര സംഘം കേരളത്തിലെത്തും. നാഷണൽ ഔട്ട്ബ്രേക്ക് റെസ്പോൺസ് സംഘമാണ് ഒരാഴ്ചയ്ക്കുള്ളിൽ എത്തുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുന്നത്. കേരളത്തിനുവേണ്ട എല്ലാവിധ സഹായങ്ങളും നൽകുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.