News

പി. ശശി മുഖ്യമന്ത്രിയുടെ റോളില്‍ ആറാടുന്നു; വിദേശത്തുള്ള പിണറായിയെ മന്ത്രിമാര്‍ പോലും നേരിട്ട് വിളിക്കരുത്, കാര്യങ്ങള്‍ ശശിക്ക് റിപ്പോര്‍ട്ട് ചെയ്യണം

തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞതോടെ കുടുംബസമേതം വിദേശത്തേക്ക് പോയ പിണറായി വിജയന് ബദലാകുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി. ഭരണകാര്യങ്ങള്‍ മുതല്‍ മന്ത്രിമാരുടെ മേല്‍നോട്ടം വരെ ഏറ്റെടുത്തിരിക്കുകയാണ് ഇദ്ദേഹം.

ഇടവേളയെടുത്ത് വിദേശത്തേക്ക് പോയെങ്കിലും മുഖ്യമന്ത്രിയുടെ ചുമതല പിണറായി വിജയന്‍ ആര്‍ക്കും കൈമാറിയിരുന്നില്ല. അതുകൊണ്ടുതന്നെ ഭരണതടസ്സം പാടില്ലെന്നത് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ പ്രഥമ പരിഗണനയാണ്. മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തേണ്ട കാര്യങ്ങള്‍ ഇപ്പോള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്യേണ്ടത് പി. ശശിക്കാണ്.

മന്ത്രിമാര്‍ മുഖ്യമന്ത്രിയെ ഫോണ്‍ വിളിക്കരുതെന്നും, എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മന്ത്രിമാരെ മുഖ്യമന്ത്രി വിളിച്ചോളുമെന്ന അറിയിപ്പും കല്‍പനകളും ശശി നല്‍കിയിട്ടുണ്ട്.

ഉദ്യോഗസ്ഥരുടെ മീറ്റിംഗ് അത്യാവശ്യമാണെങ്കില്‍ ചീഫ് സെക്രട്ടറിക്ക് വിളിക്കാം. ഇന്ന് സര്‍വീസ് സംഘടനകളുടെ യോഗം ചീഫ് സെക്രട്ടറി വിളിച്ചിരുന്നു. ആശ്രിത നിയമന വ്യവസ്ഥ ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗം തീരുമാനാമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രി വന്നിട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന് പറഞ്ഞ് ചീഫ് സെക്രട്ടറി യോഗം അവസാനിപ്പിച്ചു.

ചീഫ് സെക്രട്ടറി വിശദാംശങ്ങള്‍ ശശിയെ ധരിപ്പിച്ചിട്ടുണ്ട്. പി. ശശിയുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരായിരുന്നു. നവകേരള സദസില്‍ യൂത്ത് കോണ്‍ഗ്രസുകാരെ തല്ലി ചതച്ച കേസിലാണ് ഇവര്‍ മാസങ്ങള്‍ക്ക് ശേഷം ഹാജരായത്. മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷിക്കാനാണ് തല്ലിയത് എന്നാണ് ഇവരുടെ വിശദീകരണം.

മൂന്നാം വാര്‍ഷിക ആഘോഷം, നാലാം ലോക കേരള സഭ എന്നിവയുടെ മേല്‍നോട്ടവും ശശിയുടെ ചുമലിലാണ്. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോള്‍ പകരം ചാര്‍ജ് മറ്റേതെങ്കിലും മന്ത്രിമാര്‍ക്ക് കൊടുക്കുകയാണ് മുന്‍കാലങ്ങളില്‍ പതിവ്. പിണറായി മുഖ്യമന്ത്രിയായതിനു ശേഷം അങ്ങനൊരു പതിവില്ല. ഇ.കെ. നായനാരുടെ കാലത്ത് ഭരണയന്ത്രം തെളിയിച്ച പരിണിത പ്രജ്ഞനായ പി. ശശിയുള്ളപ്പോള്‍ ഭരണം നടന്നോളും എന്ന് മുഖ്യമന്ത്രിക്കറിയാം. പിണറായി തിരിച്ചു വരുന്നതുവരെ മുഖ്യമന്ത്രി ഭരണം പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി വഹിക്കും എന്ന് വ്യക്തം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button