News

ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നു; പ്രതിപക്ഷം

സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സ്ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയതില്‍ വിവാദം. ഉദ്യോഗസ്ഥരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുഖ്യമന്ത്രി ദുരുപയോഗിക്കുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു. പത്ത് ശതമാനം ക്ഷാമബത്ത അനുവദിച്ച് ഉത്തരവിറങ്ങിയതിന് പിന്നാലെയാണ് ജീവനക്കാരുടെ നമ്പറിലേക്ക് സന്ദേശമെത്തിയത്. മുഖ്യമന്ത്രിക്കും, ഓഫീസിനും എതിരെ കേസെടുത്ത് അന്വേഷണം വേണമെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഡിഎ കുടിശിക ഉള്‍പ്പടെ ജീവനക്കാര്‍ക്ക് അനുവദിച്ച ആനുകൂല്യങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ വാട്‌സ് ആപ്പ് നമ്പറിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശമെത്തിയത്. ഔദ്യോഗിക ആവശ്യത്തിനായി ജീവനക്കാര്‍ കൈമാറിയ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചുള്ള പ്രചാരണം വ്യക്തിവിവരങ്ങള്‍ ദുരുപയോഗം ചെയ്യലെന്ന ആരോപണവുമായി പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ രംഗത്തെത്തി. വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തു.

ജീവനക്കാരുടെ പേര് പറഞ്ഞ അഭിസംബോധന ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ സന്ദേശം. ശമ്പളം, പെന്‍ഷന്‍ എന്നിവയ്ക്കായുള്ള സ്പാര്‍ക്ക് സോഫ്റ്റ്‌വയറില്‍ ജീവനക്കാര്‍ നല്‍കിയ പേരും ഫോണ്‍ നമ്പറും ഉള്‍പ്പടെയുള്ള വിവരങ്ങളാണ് പ്രചാരണത്തിന് ഉപയോഗിച്ചതെന്നാണ് ആക്ഷേപം. ജീവനക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന ചീഫ് സെക്രട്ടറിയുടെ വിശദീകരണം പ്രതിപക്ഷം മുഖവിലക്ക് എടുക്കുന്നില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button