Blog

ഇറാൻ യുദ്ധത്തിന് 25 ബില്യൺ ഡോളർ ചെലവിട്ട് അമേരിക്ക; ഓപ്പറേഷൻ എപിക് ഫ്യൂറി 60-ാം ദിവസത്തിൽ; ആണവ കേന്ദ്രങ്ങൾ ലക്ഷ്യമെന്ന് പെന്റഗൺ

ടെഹ്റാൻ: പശ്ചിമേഷ്യയെ സമ്പൂർണ്ണ യുദ്ധത്തിലേക്ക് തള്ളിവിട്ട് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ആരംഭിച്ച സംയുക്ത സൈനിക നടപടികൾ അറുപതാം ദിവസത്തിലേക്ക്. ഫെബ്രുവരി 28ന് പുലർച്ചെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്കയും ഇസ്രയേലും തുടങ്ങിയ സൈനികാക്രമണം രാജ്യത്ത് തന്നെ വലിയ പ്രതിസന്ധിയുണ്ടാക്കിയിരിക്കുകയാണ്. ഇറാന്റെ ആണവ ശേഷി ഉന്മൂലനമാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് പെന്റഗൺ മേധാവി പീറ്റ് ഹെഗ്സെത്ത് ജനപ്രതിനിധി സഭയിൽ പറഞ്ഞത്. ആക്രമണം ഇറാനെ തീർത്തും ദുർബലമാക്കിയെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇറാനുമായുള്ള യുദ്ധത്തിനായി അമേരിക്ക ഇതുവരെ 25 ബില്യൺ ഡോളർ (ഏകദേശം 2.08 ലക്ഷം കോടി രൂപ) ചിലവാക്കിയതായും പെന്‍റഗൺ വെളിപ്പെടുത്തി. 

ബുധനാഴ്ച നടന്ന ഹൗസ് ആംഡ് സർവീസസ് കമ്മിറ്റിയിലാണ് പീറ്റ് ഹെഗ്സെത്ത് യുദ്ധത്തിന്‍റെ ആദ്യ ഔദ്യോഗിക ചെലവ് കണക്കുകൾ പുറത്തുവിട്ടത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നത് തടയാൻ ഏത് വിലയും നൽകാൻ അമേരിക്ക തയ്യാറാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഹോർമൂസ് നാവിക ഉപരോധവും തുടരുമെന്ന് പറഞ്ഞ ഹെഗ്സെത്ത് യുദ്ധം എന്ന് അവസാനിക്കും എന്നതിന് വ്യക്തത നൽകിയില്ല. എന്നാൽ രാജ്യത്തെ എണ്ണക്കിണറുകൾക്ക് ഒന്നും സംഭവിക്കില്ലെന്നും വേണമെങ്കിൽ ലൈവ് സ്ട്രീമിങ് നടത്തി കാണിക്കാമെന്നും ഇറാൻ മറുപടി നൽകി. അതേസമയം യുദ്ധത്തിന്‍റെ സാമ്പത്തിക ഭാരം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുവെന്ന വിമർശനവുമായി ഡെമോക്രാറ്റുകൾ ശക്തമായി രംഗത്ത് വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button