KeralaNews

ഒറ്റ രാത്രികൊണ്ട് ഒന്നുമില്ലാതായവർ ; കേരളത്തിന്റെ ഉള്ള് പൊട്ടിയ ഓർമ്മക്ക് ഇന്ന് ഒരു വയസ്

ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോഴേയ്ക്കും ജീവിതം മാറിമറിഞ്ഞ ഒരുകൂട്ടം മനുഷ്യരുടെ തീരാനോവിന്റെ ഒരു വർഷം കടന്ന് പോയിരിക്കുകയാണ്. 2024 ജൂലൈ 30-ന് പുലർച്ചെയാണ് വയനാട്ടിലെ മുണ്ടക്കൈ എന്ന കാർഷിക-തൊഴിലാളി ഗ്രാമം ഭീതിപ്പെടുത്തുന്ന ഒരു ഓർമ്മചിത്രമായി മാറിയത്. രാജ്യം കണ്ട ഏറ്റവും തീവ്രമായ ഉരുൾപൊട്ടൽ ദുരന്തം അക്ഷരാർത്ഥത്തിൽ ഒരു ​​ഗ്രാമത്തെ തകർത്തെറിഞ്ഞു. 298 പേരുടെ ജീവനാണ് അന്ന് ഉരുളെടുത്തത്. അപകടത്തിൽ കാണാതായ 32പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകുമ്പോൾ ദുരന്തബാധിതരുടെ പുനരധിവാസമാണ് ചർച്ചകളിൽ ഉയരുന്നത്. ഒരു വർഷം പൂർത്തിയാകുന്ന ദിവസം പുനരധിവാസവുമായി ബന്ധപ്പെട്ട് ഒരു വീട് പോലും നിർമ്മിക്കാൻ സാധിച്ചില്ലെന്ന വിമർശനം സർക്കാരിനെതിരെ ഉയരുന്നുണ്ട്. എന്നാൽ പുനരധിവാസവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ ടൗൺഷിപ്പിൻ്റെ നിർ‌മ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും വേ​ഗത്തിൽ ഇതിൻ്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നുമാണ് സർക്കാർ വ്യക്തമാക്കുന്നത്

നിയമപോരാട്ടത്തിനൊടുവിൽ സർക്കാർ ഏറ്റെടുത്ത എൽസ്റ്റൺ എസ്റ്റേറ്റിൽ ദുരന്തബാധിതർക്കായി സർക്കാർ വിഭാവനം ചെയ്തിരിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മാർച്ച് 27നായിരുന്നു ടൗൺഷിപ്പിൻ്റെ ശിലാസ്ഥാപനം. ടൗൺഷിപ്പിൻ്റെ ഭാ​ഗമായി നിർമ്മിക്കുന്ന മാതൃകാഭവനത്തിൻ്റെ നിർമ്മാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.

ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലായി 1000 ചതുരശ്ര അടിയിൽ ക്ലസ്റ്ററുകളിലായാണ് വീടുകൾ നിർമിക്കുന്നതെന്നാണ് സർ‌ക്കാർ വ്യക്തമാക്കിയിരിക്കുന്നത്. രണ്ട് കിടപ്പുമുറി, പ്രധാന മുറി, സിറ്റൗട്ട്, ലിവിങ് റൂം, പഠനമുറി, ഡൈനിങ് ഹാൾ, അടുക്കള, സ്റ്റോർ ഏരിയ, ശുചിമുറി എന്നിവ വീടുകളിലുണ്ടാവും. ഒറ്റ നിലയിൽ പണിയുന്ന കെട്ടിടം ഭാവിയിൽ ഇരുനിലയാക്കാൻ കഴിയുന്ന അടിത്തറയോടെയാണ് പണിയുന്നത്. പ്രകൃതിദുരന്തങ്ങളെ നേരിടാൻ ശേഷിയുള്ളതായിരിക്കും അടിത്തറയെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button