ഒ.ആര്‍. കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

0

തിരുവനന്തപുരം: പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായി മാനന്തവാടി എം.എല്‍.എ ഒ.ആർ. കേളു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ വൈകീട്ട് നാലു മണിക്ക് നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. സഗൗരവം സത്യപ്രതിജ്ഞ ചെയ്താണ് കേളു അധികാരമേറ്റത്. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മറ്റു മന്ത്രിമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. ചടങ്ങിന് സാക്ഷിയാകാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു.

വയനാട്ടില്‍ നിന്നുള്ള ആദ്യ സിപിഎം മന്ത്രിയും ആദിവാസി വിഭാഗത്തില്‍ നിന്നും ആദ്യമായി മന്ത്രിയായ സിപിഎം നേതാവുമാണ് കേളു. 10 വര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത് പ്രസിഡന്റായിരുന്നതിന്റെ ഭരണപരിചയവുമായാണ് കേളു മന്ത്രിപദവിയിലേക്ക് എത്തിയിരിക്കുന്നത്.

ചായ സത്കാരത്തിൽ ഒന്നിച്ച് മുഖ്യമന്ത്രിയും ഗവർണറും

മന്ത്രി ഒ.ആർ. കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പിണക്കം മറന്ന് ഒന്നിച്ച് സർക്കാരും ഗവർണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷ നേതാവും പങ്കെടുത്തു. കഴിഞ്ഞ തവണ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം ഗവർണർ ഒരുക്കിയ ചായ സത്കാരത്തിൽ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു.

മന്ത്രി കെബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജ്ഭവനിൽ നടന്ന ചായ സത്കാരത്തിൽ നിന്നാണ്‌ മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നത് വലിയ ചർച്ചയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here