Kerala

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ഇല്ല; ഹര്‍ജി ഹൈക്കോടതി തള്ളി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ബാബുവിന്റെ കുടുംബമാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതിനെത്തുടര്‍ന്നാണ് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. നവീന്‍ബാബുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സത്യസന്ധമായ അന്വേഷണം ഉറപ്പാക്കാന്‍ കേന്ദ്ര ഏജന്‍സി വേണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

നവീന്‍ ബാബുവിന്റേത് കൊലപാതകം ആണോയെന്ന് സംശയമുണ്ട്. കേസിലെ പ്രതി പി പി ദിവ്യ ഭരണകക്ഷിയായ സിപിഎമ്മിന്റെ നേതാവാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് നീതി ലഭിക്കില്ലെന്നും കുടുംബം ഹര്‍ജിയില്‍ പറഞ്ഞിരുന്നു. കേസില്‍ കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. യാത്രയയപ്പ് യോഗത്തില്‍ പി പി ദിവ്യ അധിക്ഷേപിച്ചതിലുള്ള മനോവിഷമത്തില്‍ നവീന്‍ബാബു ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ കണ്ടെത്തലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിബിഐ അന്വേഷണ ആവശ്യം തള്ളിയത്. സിബിഐ അന്വേഷണം അനുവദിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും, ഹൈക്കോടതി വിധിയില്‍ വിഷമമുണ്ടെന്നും മഞ്ജുഷ പ്രതികരിച്ചു. മറ്റുള്ളവരുമായി കൂടിയാലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ ബാബുവിന്റെ കുടുംബം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button