
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന ചര്‍ച്ചകള്‍ക്കായി പുതിയ മധ്യസ്ഥനെ നിയോഗിച്ചെന്ന് കേന്ദ്ര സര്‍ക്കാര്‍. മധ്യസ്ഥനെന്ന് അവകാശപ്പെട്ട ഡോ. കെ എ പോളിനെ മധ്യസ്ഥനായി നിയോഗിച്ചിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
വധശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ചെന്ന് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ അറിയിച്ചു. നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്റെ ഹര്‍ജി സുപ്രീംകോടതി ജനുവരിയില്‍ പരിഗണിക്കാന്‍ മാറ്റി. അതിനുമുന്‍പ് അടിയന്തര സാഹചര്യമുണ്ടായാല്‍ നേരത്തെ കേസ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. നിലവില്‍ നിമിഷപ്രിയയുടെ ജീവന് ആശങ്കയില്ലെന്നും സ്ഥിതിഗതികള്‍ ശാന്തമാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടതില്‍ പറഞ്ഞു.
കൊല്ലപ്പെട്ട യെമന്‍ പൗരന്റെ കുടുംബവുമായി ചര്‍ച്ച തുടരുകയാണ്. നിമിഷയ്ക്ക് മാപ്പുനല്‍കാനുളള ധാരണയില്‍ എത്തിയതായും വിവരങ്ങളുണ്ട്. ധാരണ കോടതിയിലെത്തുകയും വധശിക്ഷ റദ്ദാക്കുകയുമാണ് ഇനി ചെയ്യേണ്ടത്. എന്നാല്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന് വധശിക്ഷ റദ്ദാക്കുന്നതിനോട് എതിര്‍പ്പാണ്. ഇയാള്‍ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നിരന്തരം കത്തയക്കുന്നുണ്ട്.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ 2017 മുതൽ യെമൻ പൗരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിലാണ്. തലാലിന്റെ കുടുംബത്തെ കണ്ട് മോചനത്തിനായി നിമിഷയുടെ കുടുംബം ശ്രമിച്ചെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല.


