
മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ സി കെ പത്മനാഭനെ കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി പുതിയ പട്ടിക പുറത്തിറക്കി. 21 പേരുടെ കോർ കമ്മറ്റി പ്രഖ്യാപിച്ച് രണ്ട് മണിക്കൂറിനുള്ളിലാണ് സി കെ പത്മനാഭനെ കൂടി ഉൾപ്പെടുത്തിയ പുതിയ പട്ടിക ഇറക്കിയത്. കോർകമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയതിൽ സി കെ പത്മനാഭൻ അതൃപ്തി അറിയിച്ചിരുന്നു. പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ കർശന നിലപാട് സ്വീകരിക്കുമെന്ന് സംസ്ഥാന നേതൃത്വത്തിന് മുന്നറിയിപ്പ് നൽകിയതായും വിവരം ലഭിച്ചിരുന്നു. അതിന് ശേഷമാണ് പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടായ പുതിയ തീരുമാനം. 22 പേരടങ്ങുന്ന ജംബോ കോർ കമ്മിറ്റിയുടെ പട്ടിക ഉടനെ പുറത്തിറക്കും.
സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ, മുൻ അധ്യക്ഷന്മാരായ വി മുരളീധരൻ,കെ സുരേന്ദ്രൻ, പി കെ കൃഷ്ണദാസ്, കുമ്മനം രാജശേഖരൻ,കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി,ജോർജ് കുര്യൻ,രാജ്യസഭാ എം പി സി സദാനന്ദൻ, ദേശീയ ഭാരവാഹികളായ എ പി അബ്ദുള്ളക്കുട്ടി,അനിൽ ആൻറണി, ജനറൽ സെക്രട്ടറിമാരായ ശോഭാസുരേന്ദ്രൻ,എം ടി രമേശ്,എസ് സുരേഷ്,അനൂപ് ആന്റണി ഒപ്പം 7 ഉപാധ്യക്ഷന്മാരെയും കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഇതിൽ വി മുരളീധരപക്ഷത്തെ സി കൃഷ്ണകുമാറും പി സുധീറും ഉൾപ്പെടുന്നു.
അതേസമയം, K S രാധാകൃഷ്ണൻ, ആർ ശ്രീലേഖേ , ഡോ അബ്ദുൽസലാം എന്നീ വൈസ് പ്രസിഡന്റുമാരെ കോറിൽ ഉൾപ്പെടുത്തിയില്ല.ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തിലെ സംസ്ഥാന ബിജെപി നിലപാടിനെതിരെ ആർഎസ്എസ്- സംഘപരിവാർ സംഘടനകളിൽ അമർഷം പുകയുന്നതിനിടെ ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മുറിവുണക്കൽ നീക്കം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് ആർഎസ്എസ് നേതാക്കളെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിച്ചു. ആർഎസ്എസ് നേതാവ് പ്രസാദ് ബാബു ഉൾപ്പെടെയുള്ള നേതാക്കളുമായായിരുന്നു കൂടിക്കാഴ്ച. ഇന്നലെ ഹിന്ദു ഐക്യവേദി BMS നേതാക്കളുമായും രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയിരുന്നു. കന്യാസ്ത്രീ വിഷയത്തിൽ ക്രൈസ്ത സഭാ വിരുദ്ധ നിലപാട് സ്വീകരിച്ച വൈസ് പ്രസിഡൻറ് ഡോ കെ എസ് രാധാകൃഷ്ണനെ കോർ കമ്മറ്റിക്ക് പുറമെ വക്താക്കളുടെ പട്ടികയിൽ നിന്നും പുറത്താക്കി.