NationalNews

നേപ്പാളില്‍നിന്നു മൃതദേഹങ്ങൾ ഒഴുകി ഇന്ത്യയിലെത്തുന്നു; ഇതുവരെ കണ്ടെടുത്തത് ഏഴ് എണ്ണം

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ഇരകളായവരുടെ മൃതദേഹങ്ങൾ നദിയിലൂടെ ഒഴുകി ഇന്ത്യയിലെത്തി. ഉത്തർപ്രദേശ് സംസ്ഥാനത്തെ മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളിൽ നേപ്പാളിൽനിന്ന് ഒഴുകിയെത്തിയ ഏഴ് മൃതദേഹങ്ങൾ വെള്ളിയാഴ്ച കണ്ടെടുത്തതായി അധികൃതർ വ്യക്തമാക്കി. നേപ്പാളിൽ ദുരന്തമുണ്ടായ ചിത്വാൻ മേഖലയുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളാണിവ.

തിരിച്ചറിയാൻ കഴിയാത്ത നാല് മൃതദേഹങ്ങൾ കണ്ടെടുത്തതായി മഹാരാജ്ഗഞ്ച് ജില്ലാ മജിസ്ട്രേറ്റ് ഗൗരവ് സിങ് സോഗർവാൾ വ്യാഴാഴ്ച എഎഫ്‌പിയോട് പറഞ്ഞു. മൃതദേഹങ്ങൾ മഹാരാജ്ഗഞ്ച് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം, നേപ്പാളുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തുനിന്ന് 70 കിലോമീറ്റർ അകലെയുള്ള കുശിനഗർ ജില്ലയിൽനിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതായി യുപി പൊലീസ് സ്ഥിരീകരിച്ചു. കണ്ടെത്തിയ മൃതദേഹങ്ങൾ ആരുടേതാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ അഴുകിയ നിലയിലാണു ലഭിച്ചത്. നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ 579 പേർ മരിച്ചെന്നാണ് പുറത്തുവരുന്ന ഏറ്റവും അവസാനം കിട്ടിയ റിപ്പോർട്ട്. 1,400 ഓളം പേരെ കാണാതായിട്ടുമുണ്ട്.

അതേസമയം, നേപ്പാളിൽനിന്ന് ജലം ഒഴുകി എത്തുന്ന മഹാരാജ്ഗഞ്ചിലെ നദികളിൽ വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ജലനിരപ്പ് തുടർച്ചയായി നിരീക്ഷിച്ചുവരികയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു‌. ഉത്തർപ്രദേശ്, ബിഹാർ ഭരണകൂടങ്ങളാണ് ജാഗ്രത പുലർത്തുന്നത്. പട്നയിൽ ഒന്നിലേറെ ഇടങ്ങളിൽ ഗംഗാ നദി അപകടനിലയ്ക്കു മുകളിലാണ് ഒഴുകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button