Blog

നേമത്ത് ത്രികോണപ്പോര് മുറുകുന്നു; ‘ഡബിൾ ലോക്ക്’ അഹങ്കാരമെന്ന് രാജീവ് ചന്ദ്രശേഖർ; യുഡിഎഫ്-ബിജെപി അന്തർധാരയെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: ഡബിള്‍ ലോക്കും താക്കോലും പറയുന്നവര്‍ക്ക് അഹങ്കാരമാണെന്നും നേമത്ത് ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും രാജീവ് ചന്ദ്രശേഖര്‍. നേമത്തെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ശിവൻകുട്ടി വലിയ നേതാവാണെന്നും മന്ത്രിയാണെന്നും മാങ്ങയാണെന്നും ചക്കയാണെന്നുമൊക്കെയാണല്ലോ പറയുന്നതെന്നും അങ്ങനെയെങ്കിൽ വിവാദം ഉണ്ടാക്കാതെ വികസനം ചര്‍ച്ച ചെയ്യട്ടെയെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടുത്ത രണ്ടു ദിവസം വികസനം മാത്രമായിരിക്കും പറയുകയെന്നും ഡീൽ അടക്കമുള്ള ആരോപണങ്ങളിൽ കൂടുതൽ പറയാനില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

അതേസമയം, നേമത്ത് സിപിഎമ്മും ബിജെപിയും ഒരുമിച്ചാണ് മത്സരമെന്നും ഇരുവരും കോണ്‍ഗ്രസുമായാണ് മത്സരിക്കുന്നതെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു. നേമത്തിന്‍റെ വികസന രാഷ്ട്രീയമാണ് താൻ മുന്നോട്ടുവെക്കുന്നതെന്നും ക്രോസ് വോട്ടിങ് ഉണ്ടാകില്ലെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു. ന്യൂനപക്ഷ വോട്ടിനെക്കുറിച്ച് പറയുമ്പോള്‍ എന്തിനാണ് ശിവൻകുട്ടിക്ക് ഹാലിളകുന്നത്? നഗരസഭ തെരഞ്ഞെടുപ്പിൽ സീറ്റ് വര്‍ധിപ്പിച്ചത് ബിജെപിയും കോണ്‍ഗ്രസുമാണ്. അപ്പോള്‍ മത്സരം ആരൊക്കെ തമ്മിലായിരിക്കുമെന്ന് ഊഹിക്കാം. നേമത്ത് വികസനം മുരടിച്ച വര്‍ഷങ്ങളായിരുന്നു കടന്നുപോയതെന്നും കെഎസ് ശബരിനാഥൻ പറഞ്ഞു.

അതേസമയം, നേമത്തെ ഡബിള്‍ ലോക്കിൽ മാറ്റിമില്ലെന്നും ബിജെപി അക്കൗണ്ട് തുറക്കില്ലെന്നും വി ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നേമത്ത് താനും രാജീവ് ചന്ദ്രശേഖറുമായിട്ടാണ് മത്സരം. ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ച് നേമത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ് ശബരിനാഥൻ ബിജെപിയെ സഹായിക്കുകയാണെന്നും ശിവൻകുട്ടി ആരോപിച്ചു. പ്രധാനമന്ത്രിയുടെ വരവൊക്കെ ബിജെപി ക്യാമ്പിൽ മാത്രമാണ് ആവേശമുണ്ടാക്കിയത്. കേരളത്തെ വഞ്ചിച്ച പ്രധാനമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം. വോട്ടർ പട്ടിക നോക്കിയാണ് വോട്ട് അഭ്യർത്ഥിക്കുന്നത്. അതിൽ എസ്‍ഡിപിഐയെന്നോ അല്ലെന്നോ നോക്കാറില്ലെന്നും താൻ മത്സരിക്കുന്നത് ഒരു ധനാഠ്യനുമായിട്ടാണെന്നും പിഎം ശ്രീയൊന്നും ചര്‍ച്ചയേ ആയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു. പരസ്യപ്രചാരണം അവസാനിക്കുന്ന ഇന്ന് പ്രചാരണവുമായി സജീവമായി മണ്ഡലത്തിൽ തുടരുകയാണ് ശിവൻകുട്ടി. വൈകിട്ടാണ് കൊട്ടിക്കലാശം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button