News

നവകേരള മർദ്ദനക്കേസ്; പ്രതികളുടെ അറസ്റ്റ് തടയാനാകില്ലെന്ന് കോടതി, മുൻകൂർ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥർ മർദിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് തടയണമെന്ന ആവശ്യം അംഗീകരിക്കാതെ കോടതി. പ്രതികൾ ഒളിവിൽ അല്ലെന്നും ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റ് തടയണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യം കോടതി തള്ളുകയായിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി.

കുറ്റകൃത്യം നടന്ന കേസുകളിൽ അറസ്റ്റ് തടയാൻ ജില്ലാ സെഷൻസ് കോടതിക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജഡ്ജി ഹണി എം വർഗീസ് പ്രതിഭാഗത്തിന്‍റെ ആവശ്യം തള്ളിയത്. ഐപിസി 308 പ്രകാരം ജാമ്യമില്ലാവകുപ്പ് ചുമത്തിയതോടെ വാറണ്ട് ഇല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാനാകും. കേസിലെ പ്രതികളായ അനിൽ കല്ലിയൂർ, സന്ദീപ്, ഷൈജു, അരുൺ, വിപിൻ എന്നിവർ ഒളിവിലാണെന്നാണ് എസ്ഐടി കണ്ടെത്തൽ. പ്രതികളുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്.

2023 ഡിസംബറിലാണ് സംഭവമുണ്ടായത്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഗൺമാൻ അനിൽ, എസ്കോർട്ട് പൊലീസുകാരായ അരുൺ, വിപിൻ, സന്ദീപ് എന്നിവരെ കഴിഞ്ഞ ദിവസം സസ്പെൻ്റ് ചെയ്തതിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button