KeralaNews

‘ഓപ്പറേഷൻ സിന്ദൂർ ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷൻ’; പ്രധാനമന്ത്രി

ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ‘സിന്ദൂർ’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ‘നാരി ശക്തി’യെ വെല്ലുവിളിച്ചുകൊണ്ടാണ് പാകിസ്താനിലെ തീവ്രവാദികൾ അവരുടെ നാശം വിതച്ചതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പഹൽഗാമിലെ ഭീകരാക്രമണത്തെ ചൂണ്ടിക്കാണിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. പഹൽഗാമിൽ, തീവ്രവാദികൾ രക്തം ചൊരിയുക മാത്രമല്ല നമ്മുടെ സംസ്കാരത്തെയും ആക്രമിച്ചു. അവർ നമ്മുടെ സമൂഹത്തെ വിഭജിക്കാൻ ശ്രമിച്ചു. ഇന്ത്യയുടെ നാരി ശക്തിയെ തീവ്രവാദികൾ വെല്ലുവിളിച്ചു, ഈ വെല്ലുവിളി തീവ്രവാദികൾക്കും അവരുടെ സ്പോൺസർമാർക്കും നാശമായി മാറി എന്നായിരുന്നു മോദി പറഞ്ഞത്. റാണി അഹല്യഭായ് ഹോൾക്കറിന്റെ 300-ാം ജന്മവാർഷികത്തിൽ ഭോപ്പാലിൽ നടന്ന ‘മഹിള സശക്തികരൺ മഹാ സമ്മേളന’ത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഇന്ത്യൻ സേന ഭീകര കേന്ദ്രങ്ങൾ തകർത്തപ്പോൾ ഇന്ത്യ പാകിസ്താനെ അമ്പരിപ്പിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ‘പാകിസ്താൻ്റെ നൂറുകണക്കിന് കിലോമീറ്റർ ഉള്ളിൽ കയറിയാണ് ഭീകരരുടെ ക്യാമ്പുകൾ നശിപ്പിച്ചത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലുതും വിജയകരവുമായ ഓപ്പറേഷനാണ് ഓപ്പറേഷൻ സിന്ദൂർ’ എന്നായിരുന്നു പ്രധാനമന്ത്രി വ്യക്തമാക്കിയത്. അതിർത്തി കടന്ന് ഏറ്റവും കൂടുതൽ സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയത് ആരാണെന്നതിനെച്ചൊല്ലി ബിജെപിയും കോൺഗ്രസും തമ്മിൽ വാക്പോര് തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പരാമ‍ർശം.

ഇന്ത്യ വീണ്ടും ആക്രമിക്കപ്പെട്ടാൽ ഭാവിയിൽ തീവ്രവാദികളും അവരുടെ സ്പോൺസർമാരും കനത്ത വില നൽകേണ്ടിവരുമെന്ന് പ്രധാനമന്ത്രി ആവർത്തിച്ചു. ഭീകരതയിലൂടെയുള്ള നിഴൽ യുദ്ധം ഇനി അനുവദിക്കില്ലെന്ന് ഓപ്പറേഷൻ സിന്ദൂർ ഉറക്കെ പ്രഖ്യാപിച്ചു. അവരുടെ വീടുകൾക്കുള്ളിൽ പോലും തങ്ങൾ ആക്രമണം നടത്തും. തീവ്രവാദികളെ സഹായിക്കുന്നവ‍ർ അതിന് കനത്ത വില നൽകേണ്ടിവരുമെന്നും മോദി വ്യക്തമാക്കി. അസിസ്റ്റന്റ് കമാൻഡന്റ് നേഹ ഭണ്ഡാരിയുടെ നേതൃത്വത്തിലുള്ള ഒരു വനിതാ ബിഎസ്എഫ് സംഘം മൂന്ന് ദിവസത്തേക്ക് അഖ്‌നൂരിലെ തങ്ങളുടെ ഫോർവേഡ് പോസ്റ്റുകൾ പ്രതിരോധിച്ചതിനെക്കുറിച്ചും മോദി പറഞ്ഞു. ‘പ്രതിരോധത്തിൽ ഇന്ത്യയുടെ പെൺമക്കളുടെ ശക്തി ലോകം കണ്ടു. ഓപ്പറേഷൻ സിന്ദൂരിൽ നമ്മുടെ ബിഎസ്എഫിൻ്റെ പെൺമക്കൾ നമ്മുടെ അതിർത്തികൾ സംരക്ഷിക്കുകയും ഉചിതമായ മറുപടി നൽകുകയും ചെയ്തു എന്നായിരുന്നു മോദി വ്യക്തമാക്കിയത്. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നുള്ള 17 വനിതാ കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് ഇന്ത്യൻ സായുധ സേനയിലെ സ്ത്രീകൾക്ക് ഒരു ചരിത്ര നിമിഷമായിരുന്നു’വെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button