News

‘പൗരത്വത്തിന് മുസ്ലിങ്ങൾ മതം മാറേണ്ടി വരും’; സിഎഎക്കെതിരെ ഡിവൈഎഫ്ഐ സുപ്രീം കോടതിയിൽ

ഡൽഹി : പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലിം മതവിഭാഗത്തിന് എതിരെയുള്ളതാണെന്ന വാദവുമായി ഡിവൈഎഫ്ഐ . പൗരത്വ നിയമ ഭേദഗതി നിയമം മതസ്വാതന്ത്ര്യത്തിന് എതിരെയുള്ളതാണെന്നും ഭാവിയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് വരുന്ന മുസ്ലിങ്ങൾക്ക് ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം മാറേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ എഴുതി നൽകിയ വാദത്തിൽ ഡിവൈഎഫ്ഐ ചൂണ്ടിക്കാട്ടുന്നു.

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ ഇവിടങ്ങളിൽ നിന്നുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതുമായി ബന്ധപ്പെട്ടതാണ് പൗരത്വ നിയമ ഭേദഗതി നിയമം. വിഷയത്തിൽ ഡിവൈഎഫ്ഐക്ക് വേണ്ടി സീനിയര്‍ അഭിഭാഷകൻ അഡ്വ പിവി സുരേന്ദ്രനാഥാണ് സുപ്രീം കോടതിയിൽ സബ്‌മിഷൻ എഴുതി നൽകിയത്. ഭരണഘടനയിലെ 14ാം അനുച്ഛേദത്തിന്റെ നഗ്നമായ ലംഘനമാണ് ഇതെന്നും ഇതിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

പൗരത്വ നിയമഭേദഗതി നിയമം ചോദ്യം ചെയ്തുള്ള കേസുകള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പൗരത്വ ഭേദഗതി നിയമത്തിന്‍റെ ചട്ടം വിഞ്ജാപനം ചെയ്തത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികളാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.

ആകെ 236 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണയിലുള്ളത്. സിപിഎം, സിപിഐ, മുസ്ലീം ലീഗ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വിവിധ മുസ്ലീം സംഘടനകള്‍ എന്നിവരാണ് ഹർജിക്കാർ. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ചട്ടം വിഞ്ജാപനം ചെയ്തതാണ് ഹര്‍ജിക്കാര്‍ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button