News

ജീവിതത്തില്‍ ഏറ്റവും വേദനിച്ച നിമിഷം, അമ്മയെ കുറിച്ച് പിണറായി

തിരുവനന്തപുരം: രാഷ്ട്രീയ പോരാട്ടങ്ങളിലെ കരുത്തനായ നേതാവ് എന്നതിനപ്പുറം, അമ്മയുമായുള്ള തീവ്രമായ ആത്മബന്ധങ്ങളുടെ ഓര്‍മ്മ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ വേദനിച്ച നിമിഷം അമ്മയുടെ മരണമായിരുന്നുവെന്ന് നടന്‍ മോഹന്‍ലാലുമായുള്ള പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പങ്കുവെച്ചു. അമ്മയുടെ മരണവാര്‍ത്ത പോലും പുറത്തുള്ളവരെ അറിയിക്കാന്‍ കഴിയാത്ത വിധം താന്‍ തളര്‍ന്നുപോയ ആ നിമിഷം അദ്ദേഹം ഓര്‍മ്മിച്ചു.

അന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. എങ്കിലും എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോള്‍ സംസാരത്തില്‍ എന്തോ മാറ്റം തോന്നി. ഉടന്‍ തന്നെ അന്നത്തെ പാര്‍ട്ടി സെക്രട്ടറി ചടയന്‍ ഗോപാലനോട് അനുവാദം ചോദിച്ച് നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോള്‍ അമ്മ കിടപ്പിലായിരുന്നു. അമ്മയെ എഴുന്നേല്‍പ്പിച്ച് തന്റെ ദേഹത്തേക്ക് ചേര്‍ത്തിരുത്തി അല്‍പം വെള്ളം നല്‍കി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി.

‘അമ്മ ഏത് നിമിഷവും പോകുമെന്ന് എനിക്കറിയാമായിരുന്നു . ആ സമയത്ത് ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. അമ്മയുടെ മരണ വിവരം ആരോടേലും പറയണം. വീടിന് പുറത്തിറങ്ങി. നാട്ടുകാരനായ നാണുവെന്ന ഒരാള്‍ മുന്നില്‍ വന്നു. പക്ഷേ ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. പറയാന്‍ പറ്റുന്നില്ല. അദ്ദേഹത്തിന് മനസിലായി. അത് അതങ്ങനെ ഒരു ബന്ധമായിരുന്നുവെന്നും അദ്ദേഹം ഓര്‍മ്മിക്കുന്നു.”

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button