Kerala

തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ

തിരുവനന്തപുരം: ബിജെപി വൻ വിജയം നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക് കൂടുതൽ പേരുകൾ പരിഗണനയിൽ. വ്യത്യസ്ത അഭിപ്രായങ്ങൾ വന്നതോടെയാണ് കൂടുതൽ ആലോചനയിലേക്ക് നേതൃത്വം നീങ്ങുന്നത്. സംസ്ഥാന സെക്രട്ടറി വി വി രാജേഷിനും മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കും പുറമേ സംസ്ഥാന ദക്ഷിണ മേഖലാ ജനറൽ സെക്രട്ടറി കരമന അജിത്തിന്റെയും വി ജി ഗിരികുമാറിന്റെയും പേരുകളാണ് ചർച്ചയിലുള്ളത്.

പ്രഥമ പരിഗണന വി വി രാജേഷിനാണെങ്കിലും ഇതിൽ ഒരു വിഭാഗത്തിന് എതിർപ്പുണ്ട്. രാജേഷ് അല്ലെങ്കിൽ ഗിരികുമാറിനെ പരിഗണിക്കണമെന്നാണ് ആർഎസ്എസ് നിലപാട്. ജനകീയനെന്ന നിലയിൽ കരമന അജിത് വേണമെന്നാണ് ബിജെപിയിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. മൂന്നാം തവണയാണ് അജിത്ത് കൗൺസിലിലേക്ക് എത്തുന്നത്.

ബിജെപി പ്രതിപക്ഷത്തായിരുന്നപ്പോൾ കൗൺസിൽ യോഗങ്ങളിൽ ശക്തമായ വാദങ്ങളുന്നയിച്ചിട്ടുള്ളയാളാണ് അജിത്ത്. അജിത്തിന്റെ ഇടപെടൽ മുൻ ഭരണസമിതിയെ പ്രതിസന്ധിയിലും ആക്കിയിരുന്നു.

അതേസമയം, മേയറും ഡെപ്യൂട്ടി മേയറും വനിതകളാകുന്നതിൽ ഭൂരിഭാഗത്തിനും എതിർപ്പുണ്ട്. ഡെപ്യൂട്ടി മേയറിൽ ജി എസ് മഞ്ജുവും സിമി ജ്യോതിഷുമാണ് പരിഗണനയിലുള്ളത്. രണ്ട് ദിവസത്തിനുള്ളിൽ തീരുമാനമെടുക്കാനുള്ള നീക്കത്തിലാണ് നേതൃത്വം.

കൗൺസിലിലേക്ക് ജയിച്ച രണ്ട് സ്വതന്ത്രരെ കൂടെ നിർത്താനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്. സ്വതന്ത്രൻമാരുടെ പിന്തുണ ലഭിച്ചാൽ 52 വാർഡെന്ന കേവല ഭൂരിപക്ഷം ബിജെപിക്ക് നേടാനാകും. ഏത് പ്രതിസന്ധിയിലും ഒപ്പം നിന്നിരുന്ന തിരുവനന്തപുരം കോർപ്പറേഷൻ 45 വർഷത്തിന് ശേഷം ആദ്യമായാണ് എൽഡിഎഫിന്‍റെ കയ്യിൽനിന്ന് പോകുന്നത്.

ആകെയുള്ള 101 സീറ്റിൽ എൻഡിഎ 50 സീറ്റ് നേടിയപ്പോൾ എൽഡിഎഫ് 29 സീറ്റിലേക്ക് ചുരുങ്ങുകയായിരുന്നു. യുഡിഎഫ് 19 സീറ്റുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് സ്വതന്ത്രരാണ് ജയിച്ചത്. വിഴിഞ്ഞം വാർഡിൽ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല. കഴിഞ്ഞ തവണ 51 സീറ്റായിരുന്നു എൽഡിഎഫ് നേടിയത്. എൻഡിഎ 34 സീറ്റ് നേടിയപ്പോൾ 10 സീറ്റായിരുന്നു യുഡിഎഫിന്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button