KeralaNews

ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതിന് ഇഡി ഉദ്യോഗസ്ഥർക്കെതിരെ കൂടുതൽ പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് വിജിലൻസ് എസ് പി ശശിധരൻ പറഞ്ഞു. പരാതികളിൽ പരിശോധന നടത്തി വരികയാണെന്നും കേസന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചെന്നും എസ്പി വ്യക്തമാക്കി.

ഇഡി കേസൊതുക്കാൻ പണം ആവശ്യപ്പെട്ട കേസിൽ ഇഡി ഉദ്യോഗസ്ഥനടക്കം നാലു പേരെ പ്രതി ചേർത്ത് വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇഡി അസിസ്റ്റന്റ് ഡയറക്ടർ ശേഖർ കുമാറാണ് കേസിൽ ഒന്നാം പ്രതി. കേസുമായി ബന്ധപ്പെട്ട് ഏജന്റുമാരായ എറണാകുളം തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ്, ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് ആർ വാര്യർ എന്നിവരെ വിജിലൻസ് കസ്റ്റഡിയിലെടുത്തിരുന്നു.

പണം തട്ടുന്നതിന് ഇടനിലക്കാർക്ക് വിവരങ്ങൾ കൈമാറുന്നത് ശേഖറാണെന്നാണ് വിജിലൻസിന് ലഭിച്ചിരിക്കുന്ന വിവരം. കേസിലെ മൂന്നാം പ്രതിയായ മുകേഷും ശേഖറും തമ്മിൽ നിരവധി തവണ പണമിടപാടുകൾ നടത്തിയതിനും ഫോണിൽ ബന്ധപ്പെട്ടതിനും തെളിവുകളുണ്ട്.
ഇഡി കേസ് ഒതുക്കാൻ കൊല്ലം സ്വദേശിയായ കശുവണ്ടി വ്യാപാരി അനീഷിൽ നിന്ന് പണം ആവശ്യപ്പെട്ട കേസിൽ വിജിലൻസ് അറസ്റ്റ് ചെയ്ത തമ്മനം സ്വദേശി വിൽസൺ, രാജസ്ഥാൻ സ്വദേശി മുരളി മുകേഷ് എന്നിവരിൽ നിന്നാണ് മറ്റു പ്രതികളെക്കുറിച്ചും കേസുകളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചത്. പ്രതികൾ സ്വർണക്കടത്ത് കേസിലെ പ്രതികളെ അടക്കം സമീപിച്ചതായും വിജിലൻസിന് വിവരം ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button