Crime

കണ്ണൂരിലെ സദാചാര ആക്രണം; അഞ്ച്‌പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍ കായലോട് സദാചാര ആക്രമണത്തില്‍ ഭയന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. ആണ്‍സുഹൃത്ത് റഹീസിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
യുവതിയുമായി കാറില്‍ സംസാരിച്ചിരിക്കെ സംഘം ചേര്‍ന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്ന് എഫ്‌ഐആറില്‍ പറയുന്നു. ഫോണിലുള്ള ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. മൂന്ന് മൊബൈല്‍ ഫോണും ടാബും കൈക്കലാക്കിയെന്നും സ്‌കൂട്ടറില്‍ കയറ്റി തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ പറമ്പില്‍വെച്ച് മര്‍ദിച്ചു എന്നുമാണ് ഇവര്‍ക്കെതിരെയുള്ള കേസ്.

ബഷീര്‍, റഫ്‌നാസ്, ഫൈസല്‍, സുനീര്‍, സഖറിയ എന്നിവര്‍ക്കെതിരെയാണ് കേസ്. അതില്‍ മുബഷീര്‍, ഫൈസല്‍,റഫ്നാസ്, സുനീര്‍,സക്കറിയ എന്നിവര്‍ക്കെതിരെ എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്ന് രാവിലെയാണ് പിണറായി പൊലീസ് സ്റ്റേഷനില്‍ ആണ്‍സുഹൃത്ത് റഹീസ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. തലശ്ശേരി എഎസ്പി പി ബി കിരണിന്റെ നേതൃത്വത്തില്‍ മൂന്ന് മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തു. സദാചാര ആക്രമണം നടന്നിട്ടുണ്ടോ, എസ് ഡി പി ഐ ഓഫീസിലേക്ക് ആരാണ് കൊണ്ടുപോയത്, ഇവിടെ എന്താണ് നടന്നത് തുടങ്ങിയ വിവരങ്ങളും റഹീസില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ചിരുന്നു. റഹീസ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 20 പവന്‍ സ്വര്‍ണ്ണവും, ഒന്നര ലക്ഷം രൂപയും റഹീസ് യുവതിയില്‍ നിന്നും തട്ടിയെടുത്തെന്നുമാണ് കുടുംബത്തിന്റെ പരാതി. മൂന്നര വര്‍ഷം മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട റഹീസ് യുവതിയുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. അടുത്ത സുഹൃത്തുക്കളാണെന്നും ഒരു തരത്തിലുള്ള സാമ്പത്തിക ഇടപാടുമുണ്ടായിട്ടില്ലെന്നുമാണ് റഹീസിന്റെ മൊഴി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button