ചൈനയ്ക്ക് അടുത്ത ചെക്കുവെച്ച് മോദി; ദുബായിയിൽ ഭാരത് മാർട്ട്

0

ആഗോള വാണിജ്യ കേന്ദ്രങ്ങളിലൊന്നും യുഎഇയിലെ പ്രധാന എമിറേറ്റുമായ ദുബായിൽ ഇന്ത്യയുടെ പുതിയ വെയർഹൗസിങ് സംവിധാനമായ ‘ഭാരത് മാർട്ട്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നും വിദേശങ്ങളിലേക്ക് ഉത്പന്നങ്ങളും ചരക്കുകളും കയറ്റുമതി ചെയ്യുന്ന ചെറുകിട, ഇടത്തരം (എംഎസ്എംഇ) വിഭാഗം സംരംഭകർക്ക് ഏറെ ഉപകാരപ്രദമാകുന്ന പദ്ധതിയാണിത്.

യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിഗ് അൽ മക്തൂമിന്റെ സാന്നിധ്യത്തിലായിരുന്നു ഭാരത് മാർട്ടിന്റെ ഉദ്ഘാടനം. ഇന്ത്യയും യുഎഇയും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. 2030-ഓ‌ടെ ഇന്ത്യയും യുഎഇയും തമ്മിൽ പെട്രോളിയം ഇതര വ്യാപാര, വാണിജ്യത്തിലൂടെ 10,000 കോടി ഡോളർ (ഏകദേശം 8.3 ലക്ഷം കോടി രൂപ) ലക്ഷ്യമിടുന്ന പശ്ചാത്തലത്തിൽ ഭാരത് മാർട്ട് പദ്ധതിക്ക് ഏറെ പ്രാധാന്യമുണ്ട്.

എന്താണ് ഭാരത് മാർട്ട്?

എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തുന്ന ചൈനയു‌ടെ ഡ്രാഗൺ മാർട്ടിനുള്ള ഇന്ത്യൻ ബദലാണ് ഭാരത് മാർട്ട്. കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങൾ സൂക്ഷിച്ചുവെയ്ക്കാനും പ്രദർശിപ്പിക്കാനും സഹായമേകുന്ന ഭാരത് മാർട്ട് വെയർഹൗസിങ് സൗകര്യം യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യൻ കമ്പനികൾക്ക് ദുബായ് വിപണിയിൽ ശക്തമായ മത്സരം കാഴ്ചവെക്കാൻ സാധിക്കും. 2025-ഓടെ ദുബായിയിൽ ഭാരത് മാർട്ട് പ്രവർത്തന സജ്ജമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഡിപി വേൾഡിന്റെ കീഴിലുള്ള ഉപകമ്പനിയായ ജെബൽ അലി ഫ്രീ സോൺ (JAFZA) മേഖലയിലാണ് ഭാരത് മാർട്ട് പദ്ധതി സ്ഥാപിക്കുന്നത്. ഏകദേശം 1,00,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലായിരിക്കും പദ്ധതി കെട്ടിപ്പടുക്കുക. ഇവിടെ വെയർഹൗസ്, റീട്ടെയിൽ ഷോറൂം, ഹോസ്പിറ്റാലിറ്റി യൂണിറ്റുകളും മറ്റ് അനുബന്ധ സേവന സൗകര്യങ്ങളും സജ്ജമാക്കും. ഇതിനു പുറമെ ഓൺലൈൻ മുഖേന സാധനങ്ങൾ വിൽക്കുന്നതിനായി ഡിജിറ്റൽ പ്ലാറ്റ്ഫോം സജ്ജമാക്കാനും പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഗൾ‌ഫ് മേഖലയിൽ വ്യാപാരം ശക്തമാക്കുന്നതിനൊപ്പം അമേരിക്ക, ആഫ്രിക്ക, യൂറോപ്പ് തുടങ്ങിയ ഭൂഖണ്ഡങ്ങളിലുള്ള രാജ്യങ്ങളിലെ വിപണിയിലേക്ക് രംഗപ്രവേശം ചെയ്യാനും പ്രവർത്തനം വികസിപ്പിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യൻ കമ്പനികൾക്ക് ഭാരത് മാർട്ട് മികച്ച അവസരമാണ് നൽകുന്നതെന്ന് ഡിപി വേൾഡ് ജിസിസിയിലെ പാർക്ക്സ് ആൻഡ് സോൺസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ, അബ്ദുള്ള അൽ ഹാഷ്മി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here