
ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ മലയാളി കേന്ദ്ര മന്ത്രിമാര്‍ പുലര്‍ത്തുന്ന മൗനം അപകടകരവും ദുഃഖകരവുമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. തെരഞ്ഞെടുപ്പ് സമയത്ത് മാതാവിന് സ്വര്‍ണക്കിരീടം സമ്മാനിക്കാന്‍ പോയ കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിക്ക് ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. മറ്റൊരു കേന്ദ്രമന്ത്രിയായ ജോര്‍ജ് കുര്യന്‍ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. കെസിബിസി പ്രസിഡന്റും മലങ്കര കത്തോലിക്കാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമിസ് ബാവയുമായി പട്ടം ബിഷപ്പ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ബിജെപിയുടെ ന്യൂനപക്ഷ സ്‌നേഹം കാപട്യമാണെന്ന് ഈ സംഭവം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുകയാണ്. ഇപ്പോള്‍ അവര്‍ കന്യാസ്ത്രീകളെയാണ് വേട്ടയാടുന്നതെങ്കില്‍ അടുത്ത ലക്ഷ്യം പുരോഹിതന്മാരായിരിക്കും. ഛത്തീസ്ഗഡില്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ഉള്ള അക്രമം. കോണ്‍ഗ്രസ് ഭരിക്കുമ്പോഴും ഇത്തരത്തില്‍ നടപടിയുണ്ടായിട്ടുണ്ട് എന്നത് ഏറെ ഗൗരവകരമാണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പ്രതികരിച്ചു.