KeralaNews

‘മതപരിവര്‍ത്തനം നടന്നോയെന്ന് മന്ത്രിക്ക് പറയാനാവില്ല; ഛത്തിസ്ഗഡിലെ കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാത്തത് എന്ത്?’; ജോര്‍ജ് കുര്യന്‍

ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നല്‍കിയതില്‍ വീഴ്ച പറ്റിയെന്നും നടപടികള്‍ പൂര്‍ത്തിയാകും മുന്‍പ് അപേക്ഷ നല്‍കിയെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. കന്യാസ്ത്രീകളെ ട്രെയിനില്‍ വച്ച് പിടിച്ചത് ബിജെപിയല്ല. ടിടിഇ ആണ് കുട്ടികളെ സംശയാസ്പദമായി കണ്ടെത്തിയതെന്നും ജോര്‍ജ് കുര്യന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസുകാര്‍ ഡല്‍ഹിയില്‍ സമരം ചെയ്യുമ്പോള്‍ ഛത്തീസ്ഗഢില്‍നിന്നുള്ള എംപിമാരെയൊന്നും കൂട്ടത്തില്‍ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിന് ഒരു എംപിയുണ്ട്, അവരില്ല. രാജ്യസഭയില്‍നിന്നുള്ള എംപിമാരില്ല. ഇന്നലെ ലോക്സഭയില്‍ ബഹളംവെച്ചപ്പോള്‍, ഛത്തീസ്ഗഢില്‍നിന്നുള്ള ഒരു എംപി പ്രതികരിച്ചില്ല, ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

മതപരിവര്‍ത്തനം നടന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് വിഷയം കോടതിയുടെ പരിഗണനയിലായതിനാല്‍ അവിടെയാണ് തീരുമാനിക്കേണ്ടതെന്നും ജോര്‍ജ് കുര്യന്‍ പറഞ്ഞു. മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ പറഞ്ഞല്ലോ എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, അദ്ദേഹത്തിന് ഉത്തമബോധ്യമുള്ളതുകൊണ്ടാവാം അങ്ങനെ പറഞ്ഞതെന്നും താന്‍ മന്ത്രിയായതുകൊണ്ട് തനിക്ക് അങ്ങനെ പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേക്കുമായി വരണ്ടെന്ന് പറയാന്‍ മെത്രാന്‍മാര്‍ക്ക് അവകാശമുണ്ടെന്നും ജോര്‍ജ് കുര്യന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button