KeralaNews

തിരുവനന്തപുരം മേഖലാ യൂണിയനിലെ മില്‍മാ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

മില്‍മ തിരുവനന്തപുരം മേഖലാ യൂണിയനില്‍ ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്. തൊഴിലാളി യൂണിയനുകളായ സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തമായാണ് സമരം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം മേഖലാ യൂണിയനില്‍ ഡെപ്യൂട്ടേഷനില്‍ എംഡിയായിരുന്ന പി മുരളിക്ക് പുനര്‍നിയമനം നല്‍കുന്നതിനെതിരെയാണ് സമരം. മലബാര്‍ മേഖല യൂണിയന്‍ എംഡിയായിരിക്കെ തിരുവനന്തപുരം യൂണിയനില്‍ എംഡിയായിരുന്നു ഡോ. പി മുരളി.

രാവിലെ 6 മണി മുതല്‍ സമരം ആരംഭിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പാല്‍ വിതരണം തടസ്സപ്പെട്ടേക്കും. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള തൊഴിലാളികള്‍ പണി മുടക്കുന്നതിനാല്‍ വാഹനങ്ങളിലേക്ക് പാലും പാല്‍ ഉല്‍പന്നങ്ങളും കയറ്റില്ല. സമരം ചെയ്യുന്ന തൊഴിലാളികളുടെ നേത്വത്തില്‍ പ്ലാന്റുകളില്‍ പ്രതിഷേധവും സംഘടിപ്പിക്കും. മില്‍മയിലെ വിരമിക്കല്‍ പ്രായം 58 ആയിരിക്കെ കഴിഞ്ഞ മാസം വിരമിച്ച പി മുരളിയെ വീണ്ടും എംഡിയാക്കാന്‍ മില്‍മ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചതിന് പിന്നാലെയാണ് സമരം ശക്തമാകുന്നത്.

മുരളിയെ പുറത്താക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ സമരം സംസ്ഥാന വ്യാപകമാക്കുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ പറയുന്നത്. ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ യൂണിയന്‍ പ്രതിനിധികളുമായി ചൊവ്വാഴ്ച ചര്‍ച്ച നടന്നുവെങ്കിലും തീരുമാനമായില്ല. സമരം മാറ്റിവെക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും പുനര്‍നിയമനത്തില്‍ നിന്നും പിന്മാറിയാല്‍ മാത്രമെ സമരത്തില്‍ നിന്നും പിന്മാറൂവെന്നാണ് സംഘടനാ പ്രതിനിധികള്‍ അറിയിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button