ഭർത്താവിനെ ജാമ്യത്തിലിറക്കാൻ ഭാര്യമാർ തമ്മിലടിച്ചു ; ഭർത്താവിന് ജാമ്യം കിട്ടി, ഭാര്യമാർ അകത്തായി! മീററ്റ് കോടതി പരിസരത്ത് ഭാര്യമാരുടെ കൂട്ടത്തല്ല്

അസാധാരണമായ ചില സംഭവ വികാസങ്ങൾക്കാണ് കഴിഞ്ഞ ദിവസം മീററ്റിലെ സിവിൽ ലൈൻസ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്. അയക്കാരനുമായുള്ള തർക്കത്തിൽ അറസ്റ്റിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ എത്തിയ ഭാര്യമാർ കോടതി പരിസരിത്ത് വച്ച് തമ്മിലടിക്കുകയും ഒടുവിൽ ജാമ്യം കിട്ടി ഭർത്താവ് എത്തിയപ്പോൾ ഭാര്യമാർ രണ്ടും ജയിലിലാവുകയും ചെയ്ത അസാധാരണമായ സംഭവമായിരുന്നു അത്.
ഭാർത്താവിനെ ജാമ്യത്തിലിറക്കാനെത്തിയ ഭാര്യമാർ
അയൽവാസിയോട് തർക്കമുണ്ടായതിനെ തുടർന്നാണ് പൂർവ മഹാവീർ (ഡൽഹി ഗേറ്റ് ഏരിയ) സ്വദേശിയായ ഫുർകാൻ അറസ്റ്റിലായതും ജയിലിൽ അടയ്ക്കപ്പെട്ടതും. അദ്ദേഹത്തെ ജാമ്യത്തിലിറക്കാനായിട്ടായിരുന്നു മീററ്റിലെ സിവിൽ ലൈൻസ് കോടതിയിൽ രണ്ട് ഭാര്യമാരും എത്തിയത്. 20 വർഷം മുമ്പ് ഫുർകാൻ വിവാഹം ചെയ്ത ഗംഗാ നഗറിൽ നിന്നുള്ള ആദ്യ ഭാര്യ ഷബാനയും രണ്ടാം ഭാര്യ ഷഹീനും ഇരുവരുടെയും ബന്ധുക്കളോടൊപ്പമാണ് ഭർത്താവിന് ജാമ്യത്തിനായി കോടതിയിൽ എത്തിയത്. ഇരുവരും ചേർന്ന് ഭർത്താവിനെ ജാമ്യത്തിൽ ഇറക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷേ, ഇതിനിടെ നിസാരമായ കാര്യത്തെ ചൊല്ലി ഇരുഭാര്യമാരുടെയും കുടുംബങ്ങൾ തമ്മിൽ തർക്കമുണ്ടായി.
കോടതി പരിസരത്ത് അടി, തെറി…
ഒന്നും രണ്ടും പറഞ്ഞ് തുടങ്ങിയ തർക്കം പെട്ടെന്ന് തന്നെ വലിയൊരു സംഘർഷത്തിലേക്ക് നീങ്ങി. കോടതി പരിസരത്താണ് നിൽക്കുന്നതെന്ന് പോലും നോക്കാതെ ഭാര്യമാരും അവരുടെ ബന്ധുക്കളും രണ്ട് ചേരിയായി തിരിയുകയും പരസ്പരം ശാരീരികമായി അക്രമിക്കുകയും ചെയ്തു. മുടിയും വസ്ത്രങ്ങളും പിടിച്ച് വലിച്ച് ഉച്ചത്തിൽ അസഭ്യം വിളിച്ച് സ്ത്രീകൾ പോരാടിയപ്പോൾ കോടതി പോലും നിശ്ചലമായി. ഒടുവിൽ കോടതി പരിസരം ശാന്തമാക്കാൻ പോലീസിന് ഇടപെടേണ്ടി വന്നു. സംഘർഷത്തിൽ ഇരുവിഭാഗത്തിൽ നിന്നുമുള്ള മൂന്ന് സ്ത്രീകൾക്കെങ്കിലും പരിക്കേറ്റെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇതിനിടെ ഫുർകാന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയിരുന്നു. എന്നാൽ, കോടതി പരിസരത്ത് സംഘർഷമുണ്ടാക്കിയ ഭാര്യമാരെയും അവരുടെ ബന്ധുക്കളെയും കോടതി അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. ഇതോടെ ജാമ്യം കിട്ടി ഭർത്താവ് പുറത്തെത്തിയപ്പോൾ ഭാര്യമാർ രണ്ടും അകത്തായി. സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലുമായി.




