
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ സ്കൂൾ കെട്ടിടം തകർന്നുവീണതിൽ അന്വേഷണത്തിന് കത്ത് നൽകുമെന്ന് മേയർ വി വി രാജേഷ്. കാലാഹരണപ്പെട്ട കെട്ടിടം കഴിഞ്ഞ വർഷം ജൂലൈയിൽ മൂന്ന് കോടി രൂപ മുടക്കി നവീകരിച്ചതാണെന്നും സംഭവത്തിൽ മുൻ മന്ത്രി മറുപടി പറയണമെന്നും വി വി രാജേഷ്. അശാസ്ത്രീയ നിർമ്മാണത്തെപ്പറ്റിയും പണം ചിലവഴിച്ചതിനെപ്പറ്റിയും സമഗ്രമായ അന്വേഷണം വേണമെന്നും മേയർ പറഞ്ഞു.
മൂന്ന് കോടി മുടക്കി നവീകരിച്ചതിന്റെ ശിലാഫലകം കെട്ടിടത്തിൽ തന്നെയുണ്ട്. കോർപ്പറേഷൻ ഫിറ്റ്നസ് നൽകിയിട്ടില്ല. അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിച്ചു കൊടുക്കുക എന്നത് കോർപ്പറേഷന്റെ ഉത്തരവാദിത്തമാണ്. അത് ചെയ്തിട്ടുണ്ടെന്ന് മേയർ വ്യക്തമാക്കി. സംസ്ഥാന സർക്കാരിന്റെ ഒരു കെട്ടിടം സ്കൂളിൽ പ്രവർത്തിക്കുന്നു എന്ന് കരുതി ഈ സ്കൂളിനെ നോക്കാതിരിക്കാൻ ആകില്ല. ഇവിടെ കുട്ടികളെ ഇരുത്തി പഠിപ്പിക്കാൻ പറ്റില്ലെന്ന് സമൂഹം മനസ്സിലാക്കിയ കെട്ടിടത്തിനുവേണ്ടി കോടികൾ മുടക്കി നവീകരിച്ചു. അത് എന്തിനുവേണ്ടിയാണെന്ന് മേയർ ചോദിച്ചു.
അട്ടക്കുളങ്ങര സെൻട്രൽ ഹൈസ്കൂളിന്റെ ഒരു ഭാഗമാണ് ഇന്ന് വൈകിട്ട് ഇടിഞ്ഞു വീണത്. എസ്എസ്എയുടെ ഓഫീസിന്റെ ഭാഗമാണ് തകർന്ന് വീണത്. വിശദ പരിശോധന നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദീൻ പറഞ്ഞു. ഫിറ്റ്നസ് എങ്ങനെ ലഭിച്ചെന്ന് പരിശോധിക്കുമെന്ന് മന്ത്രി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. അഞ്ച് മണിക്ക് ശേഷമാണ് കെട്ടിടം ഇടിഞ്ഞുവീണത്.




