KeralaNews

മാസപ്പടി കേസ്: സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി; അടുത്ത മാസം 22ന് പരിഗണിക്കും

മാസപ്പടി കേസില്‍ സിഎംആര്‍എലിന്റെ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി. എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി മാറ്റിവെച്ചത്. അടുത്തമാസം 22ന് പരിഗണിക്കും. കേസില്‍ വീണ ഉള്‍പ്പെടെയുള്ള പ്രതികളുടെ മൊഴിയുടെ വിശദാംശങ്ങള്‍ ഇഡി ആവശ്യപ്പെട്ടു. രേഖകള്‍ക്കായി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി.

ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. എസ്എഫ്‌ഐഒ കുറ്റപ്പത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഹര്‍ജിക്ക് നിലനില്‍പ്പില്ലാതായെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ഗീരീഷ് കപ്ത്താലിയ ചൂണ്ടിക്കാട്ടിയത്. കുറ്റപത്രം നല്‍കില്ലെന്ന വാക്കാലുള്ള ഉറപ്പ് ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് നല്‍കിയെന്ന വാദം സിഎംആര്‍എല്ലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് കേസ് വീണ്ടും ജസ്റ്റിസ് സുബ്രമണ്യം പ്രസാദിന്റ ബെഞ്ചിന് വിട്ടത്.

അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് മുമ്പാകെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കോടതി അനുവാദമില്ലാതെ തുടര്‍നടപടികള്‍ പാടില്ലെന്ന് ഉത്തരവ് ഇടണമെന്നുമാണ് സിഎംആര്‍എല്‍ ആവശ്യപ്പെട്ടത്. കോടതിയുടെ വാക്കാലുള്ള നിര്‍ദേശം മറികടന്ന് അന്വേഷണ റിപ്പോര്‍ട്ടിന്റെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button