KeralaNews

അൻവർ എന്താണെന്ന് എല്ലാവരും മനസിലാക്കിക്കൊണ്ടിരിക്കുന്നു; തിരഞ്ഞെടുപ്പിന് കളമൊരുക്കിയതിന് നന്ദി: എം എ ബേബി

മുന്‍ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ എന്താണെന്ന് എല്ലാവരും മനസിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി. നിലമ്പൂരില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയതിന് പി വി അന്‍വറിന് നന്ദിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്‍വര്‍ അപ്രസക്തനായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അന്‍വര്‍ യുഡിഎഫിനെ കുടുക്കിയതാണോ എന്നതിന് പ്രതികരിക്കാനില്ല. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റിന്റെ ഗതികേടിനെ കുറിച്ച് കൂടുതല്‍ സംസാരിക്കുന്നില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ അന്‍വറിനെ സന്ദര്‍ശിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് വലിയ ഭൂരിപക്ഷത്തോട് കൂടി നിലമ്പൂരില്‍ വിജയിക്കുമെന്നും എം എ ബേബി പറഞ്ഞു. നിലമ്പൂരിലെ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എന്തെങ്കിലും ഇടപെടല്‍ നടത്താന്‍ ആകുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജീവ് ചന്ദ്രശേഖര്‍ സംസ്ഥാന അധ്യക്ഷനായപ്പോള്‍ വന്ന മാറ്റമാണ് നിലമ്പൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് എം എ ബേബി പറഞ്ഞു.

പാകിസ്താനുമായുള്ള സംഘര്‍ഷത്തില്‍ ഇന്ത്യയുടെ യുദ്ധവിമാനങ്ങള്‍ നഷ്ടമായി എന്ന് സംയുക്ത സേന മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തന്നെ സമ്മതിക്കുന്നുവെന്നും എം എ ബേബി പറഞ്ഞു. സേനയ്ക്കുണ്ടായ തിരിച്ചടിയും ആ തിരിച്ചടി മറികടന്ന് സേന കൈവരിച്ച വലിയ നേട്ടവും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞെന്നും പക്ഷേ ഇക്കാര്യങ്ങള്‍ വിശദീകരിക്കേണ്ടിയിരുന്നത് ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വമാണെന്നും എം എ ബേബി പറഞ്ഞു.

‘ഇന്ത്യ – പാക് വെടിനിര്‍ത്തല്‍ ധാരണയെക്കുറിച്ച് ഒരു ഡസന്‍ തവണ അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഒരു പ്രതികരണവും ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല. നരേന്ദ്ര മോദിയെ ജയിപ്പിക്കാന്‍ ഡൊണാള്‍ഡ് ട്രംപും ട്രംപിനെ ജയിപ്പിക്കാന്‍ മോദിയും തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിട്ടുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ഉടന്‍ വിളിച്ചു ചേര്‍ക്കണം’, എം എ ബേബി ആവശ്യപ്പെട്ടു. മഹാരാഷ്ട്രയ്ക്ക് വിദേശഫണ്ട് സ്വീകരിക്കാന്‍ അനുമതി നല്‍കിയത് വിവേചനപരമാണെന്നും എം എ ബേബി പറഞ്ഞു. ‘കേരളത്തിന് വിദേശ രാജ്യങ്ങളില്‍നിന്ന് സഹായം വാഗ്ദാനം ഉണ്ടായപ്പോള്‍ സഹായം സ്വീകരിക്കേണ്ട എന്നാണ് പറഞ്ഞത്. കേരളം എഫ്‌സിആര്‍എ ലൈസന്‍സിന് അപേക്ഷിച്ചോ എന്നത് സാങ്കേതികപരമാണ്. കേന്ദ്ര ഫണ്ട് നല്‍കുന്നതുപോലെ വിവേചനപരമായ തീരുമാനമാണിത്’, എം എ ബേബി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button