
രണ്ടാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള ജില്ലകളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നേതാക്കന്മാരെ പങ്കെടുപ്പിച്ചുള്ള റോഡ് ഷോകള്‍ ആയിരിക്കും ഇന്ന് ജില്ലകളില്‍ അധികവും നടക്കുക.പരമാവധി വോട്ടര്‍മാരെ കാണാനുള്ള ഓട്ടത്തിലാകും സ്ഥാനാര്‍ഥികള്‍. പ്രാദേശികമായി ഓരോ കവലകള്‍ കേന്ദ്രീകരിച്ചായിരിക്കും കൊട്ടിക്കലാശം നടക്കുക. കൊട്ടിക്കലാശത്തില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് എല്ലാ ജില്ലകളിലും പൊലീസ് സുരക്ഷ ഉറപ്പാക്കും.
താമരശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ദേശീയ പാതയില്‍ കൊട്ടി കലാശമുണ്ടാകില്ല. താമരശ്ശേരി സ്റ്റേഷനില്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തിന്റെതാണ് തീരുമാനം.താമരശ്ശേരി പുതുപ്പാടി, കട്ടിപ്പാറ പഞ്ചായത്തുകളിലൂടെയാണ് കോഴിക്കോട് കൊല്ലഗല്‍ ദേശീയ പാത 766 കടന്നു പോകുന്നത്.ദേശീയ പാതയില്‍ ഗതാഗത തടസ്സവും, സംഘര്‍ഷവും ഒഴിവാക്കാനാണ് നടപടി.
അതേസമയം എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളില്‍ ഇന്നാണ് വിധിയെഴുത്ത്. ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ 75 ബ്ളോക്ക് പഞ്ചായത്തുകള്‍ ,39 മുന്‍സിപ്പാലിറ്റികള്‍ 7 ജില്ലാ പഞ്ചായത്തുകള്‍, 3 കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളിലെ 11168 വാര്‍ഡുകളിലെ വോട്ടര്‍മാരാണ് ഇന്ന് പോളിങ്ങ് ബൂത്തിലെത്തുന്നത്. ഒന്നാം ഘട്ട വോട്ടെടുപ്പിനായി 15432 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. .വോട്ടിങ്ങ് യന്ത്രങ്ങളടക്കം, ഏറ്റു വാങ്ങിയ സാമഗ്രികളുമായി പോളിങ്ങ് ഉദ്യോഗസ്ഥര്‍ പോളിങ്ങ് ബൂത്തുകളിലേക്ക് എത്തിയിട്ടുണ്ട്. രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്.



