‘LDF മുസ്ലിംകളെ പ്രീണിപ്പിക്കാൻ ശ്രമിച്ചു, ക്രിസ്ത്യാനികൾക്ക് പോലും CPMനോട് വിരോധമുണ്ടായി’: വെള്ളാപ്പള്ളി നടേശൻ

0

ആലപ്പുഴ: ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ തകര്‍ന്നടിഞ്ഞ സിപിഎമ്മിനെയും ഇടതുമുന്നണിയെയും വിമര്‍ശിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടരി വെള്ളാപ്പള്ളി നടേശന്‍. ഭരണവിരുദ്ധ വികാരം മാത്രമല്ല, പിന്നാക്ക വിഭാഗങ്ങള്‍ എല്‍ഡിഎഫില്‍നിന്ന് അകന്നതും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ തോല്‍വിക്കു കാരണമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിന്നാക്കവിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവും പരാജയത്തിനു കാരണമായിട്ടുണ്ട്.

ഈഴവ, പിന്നാക്ക വിഭാഗങ്ങളാണ് ഇടതുമുന്നണിയുടെ അടിത്തറ. അവരുടെ ചോരയും നീരുമാണ് ഇടതുപക്ഷം. അവരെ മറന്നാണ് എല്‍ഡിഎഫ് മുസ്ലിം പ്രീണനം നടത്തുന്നത്. ഫലം വന്നപ്പോള്‍ കാന്തപുരം പോലും സഹായിച്ചില്ലെന്നു തെളിഞ്ഞു. എവിടെ പരാജയപ്പെട്ടാലും ആലപ്പുഴയില്‍ എല്‍ഡിഎഫ് തോല്‍ക്കരുതായിരുന്നു. ആലപ്പുഴയിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളി. എ.എം.ആരിഫിനു ജയസാധ്യതയില്ലെന്നു ഞാന്‍ സ്ഥാനാര്‍ഥി നിര്‍ണയസമയത്തു സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. ആരിഫിനെ നിര്‍ത്തരുതായിരുന്നു. പാര്‍ട്ടി അണികള്‍ക്കുപോലും ആരിഫ് സ്വീകാര്യനല്ലായിരുന്നു. ആരിഫിന് ഉന്നത സ്വാധീനം കാണും. പക്ഷേ, താഴേത്തട്ടില്‍ അതില്ല. സിപിഎം പ്രവര്‍ത്തകരില്‍ നിരാശബോധമുണ്ടായി. ശോഭ സുരേന്ദ്രന്‍ കൂടുതല്‍ വോട്ട് പിടിക്കുമെന്നു ഞാന്‍ പറഞ്ഞിരുന്നു. വലിയ മുന്നേറ്റമുണ്ടാക്കാന്‍ അവര്‍ക്കു കഴിഞ്ഞു – വെള്ളാപ്പള്ളി പറഞ്ഞു.

യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കുറിലോസിന്റെ അഭിപ്രായത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി സുക്ഷിച്ചു വേണമായിരുന്നുവെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. ”ഒഴിവാക്കാമായിരുന്ന ഭാഷയാണ് ഉപയോഗിച്ചത്. മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള പരാമര്‍ശം ശരിയല്ല. പിണറായി വിജയന്റെ ചോരകുടിക്കാന്‍ ഒരുപാടുപേരുണ്ട്. സാധാരണക്കാരന്റെ ഭാഷയിലാണു പിണറായി മറുപടി പറഞ്ഞത്. പിണറായുടെ ശൈലി അതാണ്. തകഴിയുടെ ഭാഷയില്‍ സാഹിത്യം ചേര്‍ത്തു പറയാന്‍ പിണറായിക്ക് അറിയില്ല.

പട്ടിക, പിന്നാക്ക വിഭാഗങ്ങള്‍ എന്‍ഡിഎയെ പിന്തുണച്ചിട്ടുണ്ട്. അവരുടെ ആവശ്യങ്ങളൊന്നും യുഡിഎഫും എല്‍ഡിഎഫും പരിഗണിച്ചില്ല. സുരേഷ് ഗോപി ജയിക്കുമെന്നു പ്രതീക്ഷിച്ചില്ല, എന്നാല്‍, വലിയ മല്ലന്മാരെ അദ്ദേഹം അടിച്ചു താഴെയിട്ടു. പക്ഷേ, ഒറ്റയ്ക്കു ഭരിക്കാന്‍ ഭൂരിപക്ഷം കിട്ടുമെന്ന് അവകാശപ്പെട്ട ബിജെപിക്ക് അതുണ്ടായില്ല. എന്തുകൊണ്ടു പരാജയപ്പെട്ടെന്ന് ഓരോ പാര്‍ട്ടിയും ചിന്തിക്കണം. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാന്‍ ബിജെപി ശ്രമിക്കും. തുഷാര്‍ വെള്ളാപ്പള്ളി ഒരിക്കലും കേന്ദ്രമന്ത്രിയാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here