കൊച്ചി കോര്‍പ്പറേഷനിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫും എൻഡിഎയും

തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പ്പറേഷനിലെ ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് എൽഡിഎഫും എൻഡിഎയും. 70 ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ എൽഡിഎഫ് പ്രഖ്യാപിച്ചപ്പോൾ 32 പേരുടെ പട്ടിക എൻഡിഎ പുറത്തുവിട്ടു. എൻഡിഎയിൽ ഭിന്നത പരസ്യമാക്കി ബിഡിജെഎസ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നിന്ന് വിട്ടുനിന്നു.
76 ഡിവിഷനുള്ള കൊച്ചി കോർപ്പറേഷനിൽ 70 സ്ഥാനാർത്ഥികളെയാണ് എൽഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്നത്. പട്ടികയിൽ 43 പേർ സ്ത്രീകളാണ്.മുൻ കൗൺസിലർമാരുടെ വലിയ നിരയും ഇടതുപട്ടികയിലുണ്ട്. മറ്റു പാർട്ടികളിൽനിന്ന് എത്തിയവരെ പ്രത്യേകം പരിഗണിച്ച ഇടതുമുന്നണി എ.ബി. സാബു കൂടാതെ എം.പി.
മുരളീധരൻ, പി.എം. ഹാരിസ്, ഗ്രേസി ജോസഫ്, ഷീബ ഡ്യൂറോം, കെജെ പ്രകാശൻ എന്നിവർ ഇടത് പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. എറണാകുളം സെന്‍ട്രലില്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഭാഗ്യലക്ഷ്മി എന്‍എസ്, എറണാകുളം നോര്‍ത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഷാജി ജോര്‍ജ് പ്രണതയും, മേയർ സ്ഥാനാർഥിയായി പരിഗണിച്ചിരുന്ന അഡ്വ ദീപവർമ്മ ഇടപ്പള്ളിയിൽ നിന്നും ജനവിധി തേടുന്നു. കോർപ്പറേഷൻ ഭരണം നിലനിർത്തുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസ് സതീഷ്
ഹിജാബ് വിവാദമുണ്ടായ സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പിലിന് എൻഡിഎ സീറ്റ് നൽകി. എൻപിപി സ്ഥാനാർത്ഥിയായി പള്ളുരുത്തി കച്ചേരിപ്പടി ഡിവിഷനിലാണ് മത്സരിക്കുന്നത്. സീറ്റിനെചൊല്ലി നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന ശ്യാമള എസ് പ്രഭുവിനെ ഇക്കുറിയും ടിക്കറ്റ് നൽകിയില്ല. ശ്യാമളക്ക് പകരം ചെറളായി ഡിവിഷനിൽ പുതുമുഖം പ്രവിത ഇ എസ് ആണ് മത്സരിക്കുന്നത്.
സീറ്റ് നിഷേധിച്ച സാഹചര്യത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി മത്സരിക്കാനാണ് ശ്യാമളയുടെ നീക്കം. കൊച്ചിയിലെ വികസന മുരിടിപ്പ് തെരഞ്ഞെടുപ്പിൽ ഉയർത്തികാട്ടുമെന്ന് ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു. കോർപ്പറേഷനിലെ 7 സീറ്റുകളിലാണ് ബിജെപി- ബിഡിജെഎസ് തമ്മിൽ തർക്കം നിലനിൽക്കുന്നത്. വാർത്ത സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ബിഡിജെഎസ് , തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് വിട്ടു.




