കീം പരീക്ഷ വിവാദത്തിൽ സമരം കടുപ്പിക്കാൻ കെഎസ്യു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു രാജിവെക്കും വരെ സമരം തുടരുമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന നീറുന്ന പ്രശ്‌നമായി കീം പരീക്ഷാഫലം മാറിയെന്നും ഒന്നാം റാങ്കുകാരന്‍ ഇപ്പോള്‍ ചിത്രത്തില്‍ പോലുമില്ലാത്ത അവസ്ഥയാണെന്നും അലോഷ്യസ് സേവ്യര്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘വിദ്യാര്‍ത്ഥികള്‍ക്ക് കടുത്ത മാനസിക സംഘര്‍ഷം ഉണ്ടാകുന്നു. ഇതാണോ സര്‍ക്കാര്‍ പറയുന്ന നമ്പര്‍ വണ്‍ വിദ്യാഭ്യാസ കേരളം. ഇതാണോ വികസിത കേരളം. ഏറ്റവും കുത്തഴിഞ്ഞ വകുപ്പായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മാറി. ഇവിടെ ഒരു മന്ത്രി ഉണ്ടോ എന്ന് പോലും സംശയമാണ്. കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി ഉന്നത വിദ്യഭ്യാസ വകുപ്പ് മാറി. വിഷയങ്ങളെ പഠിക്കാനോ പരിഹരിക്കാനോ മന്ത്രി തയ്യാറാകുന്നില്ല’, അദ്ദേഹം പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ വകുപ്പ് തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് പോകുമ്പോള്‍ എസ്എഫ്‌ഐക്ക് ഒരക്ഷരം പോലും മിണ്ടാന്‍ കഴിയുന്നില്ലെന്നും അലോഷ്യസ് സേവ്യര്‍ കുറ്റപ്പെടുത്തി. കുറച്ച് കാലമായി സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാര്‍ ഇല്ല. 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വി സിമാരില്ല. 66 സര്‍ക്കാര്‍ കോളജുകളില്‍ 65ലും സ്ഥിരം പ്രിന്‍സിപ്പല്‍മാര്‍ ഇല്ല. ഉച്ചക്കഞ്ഞി വിഷയം മൂര്‍ദ്ധന്യാവസ്ഥയിലാണ്. കീമില്‍ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്കയുണ്ട്. ഇതിലേന്തെങ്കിലും വിഷയത്തില്‍ എസ്എഫ്‌ഐ നിലപാട് പറഞ്ഞിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.