
രാജ്യത്ത് ആദ്യമായി സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന ട്രാൻസ്പോർട്ട് കോർപ്പറേഷനായി കെഎസ്ആർടിസി മാറിയതായി ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. കെഎസ്ആർടിസിയുടെ എട്ട് പ്രധാന പദ്ധതികളുടെ ഉദ്ഘാടനം കെഎസ്ആർടിസി ചീഫ് ഓഫീസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്റഗ്രേറ്റഡ് കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ, എ ഐ ഷെഡ്യൂളിംഗ് സംവിധാനം, തീർത്ഥാടന ടൂറിസം പദ്ധതി, റോളിങ്ങ് ആഡ്സ് പരസ്യ മോഡ്യൂൾ, വാഹന പുക പരിശോധനാ കേന്ദ്രം, ഹാപ്പി ലോംഗ് ലൈഫ് സൗജന്യയാത്ര കാർഡ് വിതരണം, ദീർഘദൂര ബസുകളിലെ യാത്രക്കാരായ കുട്ടികൾക്കുള്ള ഗിഫ്റ്റ് ബോക്‌സ് വിതരണം, കെഎസ്ആർടിസിയിലെ വനിതാ ജീവനക്കാർക്കായി സൗജന്യ ക്യാൻസർ രോഗ നിർണ്ണയം എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്തു
കെഎസ്ആർടിസി സാങ്കേതികമായി വൻ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. എഐ അധിഷ്ഠിത ഡിജിറ്റലൈസേഷനിലൂടെ കെഎസ്ആർടിസിയിലെ എല്ലാ സംവിധാനങ്ങളും ഒറ്റ ഡാഷ്‌ബോർഡിൽ ഏകോപിപ്പിച്ചു. സ്ഥാപനത്തിന്റെ അക്കൗണ്ട്‌സ്, കൊറിയർ, സ്പെയർ പാർട്‌സ് വാങ്ങൽ, റീ ഓർഡറിങ്, ഡിസ്ട്രിബ്യൂഷൻ, ബജറ്റ് ടൂറിസം, എസ്റ്റേറ്റ് വാടക പിരിക്കൽ തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടും. ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സ്റ്റാർട്ടപ്പ് മിഷൻ എന്നിവയുടെ സാങ്കേതിക നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇതിനായുള്ള സോഫ്റ്റ്‌വെയർ കെഎസ്ആർടിസിയ്ക്ക് വേണ്ടി പ്രത്യേകമായി വികസിപ്പിച്ചതാണെന്ന് മന്ത്രി പറഞ്ഞു.
കെഎസ്ആർടിസിയിൽ സജീവമായ അനവധി വികസന മാറ്റങ്ങൾ നടപ്പിലാക്കി വരികയാണ്. ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ തീർത്ഥാടന ടൂറിസം പദ്ധതി മന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യഘട്ടത്തിൽ കേരളം തമിഴ്‌നാട് സംസ്ഥാനങ്ങളിലെ പ്രസിദ്ധമായ തീർത്ഥാടന കേന്ദ്രങ്ങൾ കണക്റ്റ് ചെയ്താണ് സേവനം തുടങ്ങുന്നത്. എസ്ആർടിസിയിൽ എംപാനൽ ചെയ്ത് പരസ്യം മാർക്കറ്റ് ചെയ്ത് നൽകുന്നവർക്ക് 10 ശതമാനം പരസ്യ കമ്മീഷനായി നൽകുമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആർടിസി വാഹന പുക പരിശോധന കേന്ദ്രങ്ങൾ ആരംഭിക്കുന്നു. പൊതുജനങ്ങൾക്കും ഈ സേവനം ഉപയോഗപ്പെടുത്താം.




