
മുഖ്യമന്ത്രിയെ ആരും നേരത്തെ പ്രവചിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഇക്കാര്യം നേതാക്കള്‍ക്കും ബാധകമാണ്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ മുന്നണിയ്ക്കകത്ത് സംവിധാനമുണ്ട്. ഇതുകൂടി പരിഗണിച്ചാകും ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുകയെന്ന് സണ്ണി ജോസഫ് പറഞ്ഞു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകണമെന്ന് കെ സുധാകരന് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഹൈക്കമാന്‍ഡ് അതും പരിഗണിച്ചേക്കും. സണ്ണി ജോസഫ് പറഞ്ഞു.
മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ വെല്‍ എസ്റ്റാബ്ലിഷ്ഡ് ആയ സംവിധാനം നിലവിലുണ്ട്. കോണ്‍ഗ്രസിനും യുഡിഎഫിനും ഭൂരിപക്ഷം കിട്ടിക്കഴിഞ്ഞാല്‍, കോണ്‍ഗ്രസ് എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്‍ഡ് ഉചിതമായ തീരുമാനം പ്രഖ്യാപിക്കും. അതാണ് പ്രൊസീജ്യര്‍. അതിനിടയില്‍ കയറി ആരും പ്രവചനം നടത്തേണ്ടതില്ല. ഇതു നേതാക്കള്‍ക്കും ബാധകമാണെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. രാഹുല്‍ഗാന്ധി ബിജെപിയുടെ ബി ടീം ആണെന്ന് പറയാന്‍ മാത്രമുള്ള മൗഢ്യം കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഇല്ല. എന്നാല്‍ അതു പറയാനുള്ള ക്രൂരതയും ദുഷ്ടബുദ്ധിയും പിണറായി വിജയനുണ്ട്. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന് സിപിഎം പറഞ്ഞാല്‍ ജനം വിശ്വസിക്കുമോയെന്ന് സണ്ണി ജോസഫ് ചോദിച്ചു.
ശബരിമലക്കൊള്ള, ആരോഗ്യമേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, വന്യമൃഗ ആക്രമണം തടയുന്നതിന് ഒന്നും ചെയ്യാത്തത് ഇതെല്ലാം സര്‍ക്കാരിന്റെ പോരായ്മകളാണ്. ഇതാണ് പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങള്‍. ഇക്കാര്യങ്ങളില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അടക്കം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ജനങ്ങള്‍ക്ക് മുമ്പില്‍ കുറ്റപത്രം പുറത്തുവിട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണം ചൂടേറിയ നിലയില്‍ മുന്നോട്ടു പോകുകയാണ്. യുഡിഎഫ് ക്യാംപ് നല്ല പ്രതീക്ഷയിലാണ്. കണ്ണൂരിലെ സിപിഎം ശക്തികേന്ദ്രങ്ങളില്‍ വിള്ളല്‍ ഉണ്ടായിരിക്കുകയാണ്. ടി കെ ഗോവിന്ദന് മാഷിന്റെയും കുഞ്ഞികൃഷ്ണന്റെയും സ്ഥാനാര്‍ത്ഥിത്വം പ്രതിഷേധമാണ് വിളിച്ചറിയിക്കുന്നത്. അത് ജനങ്ങളിലേക്കും വോട്ടര്‍മാരിലേക്കും വ്യാപിച്ചു കഴിഞ്ഞുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പേരാവൂരില്‍ മികച്ച പോരാട്ടമാണ് നടക്കുന്നതെന്നും, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ ടീച്ചറുമായി നല്ല ബന്ധമാണ് ഉള്ളതെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.




