
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിക്കായി 220 ഏക്കർ ഭൂമി കൂടി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് സംസ്ഥാന ഓഹരിയായി കൈമാറി. മന്ത്രിസഭാ യോഗത്തിന്റെ തീരുമാന പ്രകാരം അനുമതി ലഭിച്ചതോടെയാണ് ബോർഡ് സ്ഥലം കൈമാറിയതെന്ന് മന്ത്രി പി രാജീവ് അറിയിച്ചു. ഇതിന് മുൻപ് 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറിയിരുന്നു.
2021 നവംബറിലാണ് പദ്ധതിക്കായി ആദ്യ ഭൂമി രജിസ്റ്റർ ചെയ്യുന്നത്. ഭൂമി ഏറ്റെടുക്കുന്നതിന് 1789.92 കോടി രൂപ സംസ്ഥാനം വഹിച്ചു. പദ്ധതിക്കാവശ്യമായ ഭൂമി സംസ്ഥാനം ഏറ്റെടുത്തതിന് ശേഷം കേന്ദ്രാനുമതി ലഭിക്കാൻ നിരവധി തവണ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയെന്ന നിലയിൽ താനും കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയെന്ന് പി രാജീവ് പറഞ്ഞു. 2024 ആഗസ്ത് മാസം അവസാനമാണ് കേന്ദ്രാനുമതി ലഭിച്ചത്. തൊട്ടടുത്ത ദിവസം തന്നെ പദ്ധതി അതിവേഗം നടപ്പിലാക്കുന്നതിനായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.