Kerala

ജനുവരിയിൽ 100 കോടിയുടെ ഓഫിസിന് ടെണ്ടർ വിളിച്ച കെ.എം. എബ്രഹാമിന് ഫെബ്രുവരിയിൽ കാബിനറ്റ് റാങ്ക്; ദീർഘ വീക്ഷണം അപാരമെന്ന് IAS വൃത്തങ്ങൾ

പറക്കുന്ന പിണറായിയും പത്തുമുഴം മുമ്പേ എറിയുന്ന കെ.എം. എബ്രഹാമും

തിരുവനന്തപുരം: കിഫ്ബിക്ക് സ്വന്തമായി ഓഫിസ് വാങ്ങാൻ ജനുവരിയിൽ ടെണ്ടർ ക്ഷണിക്കുക, ഫെബ്രുവരിയിൽ കാബിനറ്റ് റാങ്ക് സ്വന്തമാക്കുക. മുഖ്യമന്ത്രി പിണറായി വിജയൻ്റെ ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറിയും കിഫ്ബിയുടെ മേധാവിയുമായ കെ.എം എബ്രഹാം ഐ.എ.എസിനെക്കുറിച്ച് വൃത്തങ്ങളിൽ ചൂടേറിയ ചർച്ച വിഷയമായി മാറിയിരിക്കുകയാണ്.

“അമ്പമ്പോ , എന്തൊരു ദീർഘ വീക്ഷണമുള്ള ഉദ്യോഗസ്ഥൻ” – എന്നാണ് എബ്രഹാമിനെ കുറിച്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ്റെ കമൻ്റ്. ജനുവരി 4 നാണ് കിഫ്ബിക്ക് സ്വന്തമായി ഓഫിസ് വാങ്ങാൻ സി.ഇ.ഒ ആയ എബ്രഹാം ടെണ്ടർ ക്ഷണിച്ചത്. നിലവിൽ വാടക കെട്ടിടത്തിൽ ആണ് കിഫ്ബി പ്രവർത്തിക്കുന്നത്.

65000 സ്ക്വയർ ഫീറ്റ് മുതൽ 1 ലക്ഷം സ്ക്വയർ ഫീറ്റ് വരെയുള്ള കെട്ടിടമോ, നിർമാണം നടക്കുന്ന കെട്ടിടമോ ആണ് കിഫ്ബി അന്വേഷിക്കുന്നത്. 30 കാറുകളും, 200 ടൂ വീലറുകളും ഒരേസമയം പാർക്ക് ചെയ്യാനുള്ള സൗകര്യം കെട്ടിടത്തിനുണ്ടാകണം. ലിഫ്റ്റ് തുടങ്ങി മറ്റ് എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും കെട്ടിടത്തിന് വേണം.

സെക്രട്ടേറിയേറ്റിന് 1 കി.മി ചുറ്റളവിലും ഇങ്ങനെ ഒരു കെട്ടിടം സ്വന്തമാക്കണമെങ്കിൽ 50 കോടി മുതൽ 100 കോടി വരെ മുടക്കണം. കാബിനറ്റ് റാങ്ക് കിട്ടിയതോടെ പഴയതുപോലെ മുഖ്യമന്ത്രിയുടെ നോർത്ത് ബ്ലോക്കിലെ ഒരു മുറിയിൽ ഒതുങ്ങാൻ എബ്രഹാമിന് താൽപര്യമില്ല. അതിനാണ് ഒരു മാസം മുമ്പേ വിശാലമായ ഓഫിസ് സ്വന്തമാക്കാൻ എബ്രഹാം ശ്രമം ആരംഭിച്ചത്.

ശിവശങ്കർ പറഞ്ഞാൽ ഏത് കടലാസിലും പിണറായി ഒപ്പിടും. ശിവശങ്കർ അറസ്റ്റിൽ ആയതോടെ എബ്രഹാമിന് ശുക്രൻ ഉദിച്ചു. എബ്രഹാം കടലാസ് നീട്ടിയാൽ പിണറായി ഒപ്പിടാൻ റെഡി. കാബിനറ്റ് റാങ്ക് കിട്ടുമെന്ന് അറിഞ്ഞ ഒരുമാസം മുമ്പേ പുതിയ മണിമാളികക്ക് ടെണ്ടർ ക്ഷണിച്ച എബ്രഹാമിൻ്റെ ദീർഘവീക്ഷണം ഐഎഎസ് വൃത്തങ്ങളിൽ ചൂടേറിയ ചർച്ചയ്ക്ക് വഴി വച്ചില്ലെങ്കിലേ അൽഭുതപ്പെടാനുള്ളു.

ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ ധന സെക്രട്ടറിയായ എബ്രഹാം വിരമിച്ചാൽ തനിക്കുള്ള ലാവണം തയ്യാറാക്കൽ പരിപാടി അന്നേ തുടങ്ങിയിരുന്നു. 1999 മുതലേ കിഫ്ബി ഉണ്ടായിരുന്നു എങ്കിലും ഇന്ന് കാണുന്ന കിഫ്ബി ക്ക് ഊടും പാവും തയ്യാറാക്കിയത് എബ്രഹാം ആയിരുന്നു.

വൻകിട അടിസ്ഥാന സൗകര്യ വികസന പ്രൊജക്ടുകൾക്കായി പദ്ധതിയിൽ വകയിരുത്തിയ തുക വകമാറ്റി എബ്രഹാം കിഫ്ബിക്ക് അടിത്തറ പാകി. എബ്രഹാമിനെ അന്ധമായി വിശ്വസിച്ച ഉമ്മൻ ചാണ്ടിയെ സമർത്ഥമായി പറ്റിക്കുകയായിരുന്നു. ഓരോ വർഷവും ഇങ്ങനെ വകമാറ്റിയ തുക 2800 കോടിയായി.

പണമില്ലാതെ അടിസ്ഥാന സൗകര്യ പദ്ധതികൾ പലതും പാതി വഴിയിലായി. ഐസക്ക് എത്തിയതോടെ ബജറ്റിന് പുറത്ത് നിന്ന് കടം വാങ്ങാം എന്ന ആശയവുമായി എബ്രഹാം എത്തി. കടം എവിടുന്ന് കിട്ടിയാലും വാങ്ങാൻ റെഡിയായിരുന്ന ഐസക്കിന് മുന്നിൽ എബ്രഹാം എത്തിയതോടെ കിഫ്ബി പുതിയ അധ്യായം രചിച്ചു.

കിഫ്ബിക്ക് കോർപ്പസ് ഫണ്ട് വേണ്ടേ, അതിന് എങ്ങനെ പണം കണ്ടെത്തും എന്ന ഐസക്കിൻ്റെ ചോദ്യത്തിന് ഉമ്മൻ ചാണ്ടിയുടെ കാലത്ത് താൻ മാറ്റിയിട്ട 2800 കോടി ഉണ്ടെന്നായി എബ്രഹാം. അമ്പടാ കേമാ എന്നായി ഐസക്ക്. കിട്ടാവുന്നിടത്തെല്ലാം കടം വാങ്ങി ഐസക്കും എബ്രഹാമും മുന്നേറി.

ഐസക്കിൻ്റെ കാലം കഴിഞ്ഞാൽ പിടിച്ചു നിൽക്കണ്ടേ, തൻ്റെ സാമർത്ഥ്യം പിണറായി കൂടി അംഗീകരിക്കണമെന്ന വാശിയിലായി എബ്രഹാം. ലാവ്ലിൻ ബന്ധമുള്ള മസാല ബോണ്ട് കച്ചവടം തുടങ്ങുന്നത് അങ്ങനെ. അന്ന് കാനഡയിൽ പലിശ നിരക്ക് 1 ശതമാനം മാത്രമായിരുന്നു. എബ്രഹാമും ഐസക്കും മസാല ബോണ്ട് വാങ്ങിയത് 9.723 ശതമാനം പലിശക്കും. 2150 കോടിയുടെ മസാല ബോണ്ട് അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കുമ്പോൾ ലാവ്ലിൻ കമ്പനിയുടെ അക്കൗണ്ടിലെത്തുന്നത് 3175 കോടി രൂപ. മസാല ബോണ്ടിൻ്റെ സെക്കണ്ടറി സെല്ലിംഗ് കൂടിയാകുമ്പോൾ കമ്പനിയുടെ ലാവ്ലിൻ കമ്പനിയുടെ ലാഭം 4000 കോടി.

ഇതിൽ എത്ര കോടി കേരളത്തിലെ പ്രമുഖരുടെ പോക്കറ്റിലേക്ക് ഒഴുകിയെന്നതിൻ്റെ കണക്കുകൾ ഇ.ഡിക്ക് മുന്നിലുണ്ട്. ഐസക്കും എബ്രഹാമും ഇ.ഡി ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകത്തില്ല എന്ന് ശാഠ്യം പിടിക്കുന്നതിൻ്റെ ഗുട്ടൻസ് മറ്റൊന്നല്ല.

സുപ്രീം കോടതിയിൽ പോയി ഇ.ഡി അന്വേഷണം തടയാനാണ് എബ്രഹാമിൻ്റെ നീക്കം. അതിൻ്റെ ഭാഗമാണ് കാബിനറ്റ് റാങ്ക് ഒപ്പിച്ചതും . മസാല ബോണ്ട് കച്ചവടത്തോടെ എബ്രഹാം പിണറായിയുടെ ഗുഡ് ബുക്കിലെത്തി. സീറ്റ് പോലും കിട്ടാതെ ഐസക്ക് പെരുവഴിയിലായി. എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ടു. അവിടുന്ന് കാബിനറ്റ് റാങ്കിലേക്കും.

മാർച്ച് അവസാനത്തോടു കൂടി സ്വന്തമായി ഓഫിസ് കിഫ്ബിക്ക് വേണമെന്നാണ് എബ്രഹാമിൻ്റെ കൽപന. ഏപ്രിൽ മാസം പുതിയ ഓഫിസിലേക്ക് മാറാനാണ് എബ്രഹാമിൻ്റെ നീക്കം. കാബിനറ്റ് റാങ്കുള്ളതുകൊണ്ട് ഔദ്യോഗിക വസതിക്കും എബ്രഹാമിന് അർഹതയുണ്ട്. ആൻ്റണി രാജു ഒഴിഞ്ഞ മൻമോഹൻ ബംഗ്ലാവ് രാശിയില്ല എന്ന കാരണത്താൽ മന്ത്രിമാർക്ക് വേണ്ടാതെ ഒഴിഞ്ഞ് കിടക്കുകയാണ്.

വസതിക്ക് സൗകര്യം പോര എന്ന് പറഞ്ഞ് വീണ ജോർജ് വാടക വീട്ടിലേക്കും ചേക്കേറി. എല്ലാ സൗകര്യങ്ങളും ഉള്ള മൻമോഹൻ ബംഗ്ലാവ് വീണയ്ക്കും വേണ്ട. ആർക്കും വേണ്ടങ്കിൽ ഞാൻ എടുത്തോളാം എന്ന് എബ്രഹാം മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമോ എന്നാണ് മന്ത്രിമാരും ഉറ്റ് നോക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button