മകനെയും മരുമകളെയും പേരക്കുട്ടികളെയും കൊന്നു; ചീനിക്കുഴി കേസിൽ ഇന്ന് വിധി

തൊടുപുഴ: മകനെയും മരുമകളെയും പേരക്കുട്ടികളെയും തീകൊളുത്തി കൊന്ന ചീനിക്കുഴി കൂട്ടക്കൊലപാതക കേസിൽ ഇന്ന് വിധി. തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. ചീനിക്കുഴി സ്വദേശി അലിയാക്കുന്നേൽ ഹമീദാണ് പ്രതി. മകൻ മുഹമ്മദ് ഫൈസൽ (45), മകന്‍റെ ഭാര്യ ഷീബ (40), ഇവരുടെ മക്കളായ മെഹ്റിൻ (16), അസ്ന (13) എന്നിവരെയാണ് തീകൊളുത്തി കൊലപ്പെടുത്തിയത്.
2022 മാർച്ച് 18നായിരുന്നു ക്രൂരമായ കൊലപാതകം. കുടുംബ വഴക്കിനെ തുടർന്ന് വീട്ടിലെ കിടപ്പുമുറി പുറത്തു നിന്ന് പൂട്ടിയ ശേഷമാണ് ഹമീദ് തീകൊളുത്തിയത്. വീട്ടിലെ വാട്ടർ ടാങ്ക് കാലിയാക്കിയ ശേഷം ജനൽ വഴി പെട്രോൾ നിറച്ച കുപ്പികൾ തീകൊളുത്തി അകത്തേക്ക് എറിയുകയായിരുന്നു. സമീപത്തെ വീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്‍റെ വൈദ്യുതിയും വിച്ഛേദിച്ചു. ബഹളം കേട്ട് അയൽവാസികൾ എത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ ആരെയും രക്ഷിക്കാൻ സാധിച്ചില്ല. നിലവിളിയും പൊട്ടിത്തെറി ശബ്ദവും കേട്ട് ഉറക്കമുണർന്ന് ഓടിയെത്തിയ അയൽവാസികൾക്ക് വീടിന്‍റെ അകത്തേക്ക് കടക്കാനായില്ല. ഉറങ്ങിക്കിടക്കുമ്പോഴാണ് നാല് പേരും വെന്തുമരിച്ചത്.

